ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

single-img
16 November 2026

2002ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോർട്ട്.

ജീവപര്യന്തം തടവുശിക്ഷ ശരിവെച്ച 2017ലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ. 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകി വിട്ടയച്ച 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇരുവരും. എന്നാൽ, ശിക്ഷാ ഇളവ് അനുവദിച്ച നടപടി 2024ൽ സുപ്രീം കോടതി റദ്ദാക്കിയതോടെ ഇവർ വീണ്ടും ജയിലിലായി.

അപ്പീലുകളിൽ വസ്തുതാപരവും നിയമപരവുമായ നിരവധി വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അപ്പീൽ നൽകിയവരിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്ന കാര്യവും ജാമ്യം അനുവദിക്കുന്നതിൽ പരിഗണിച്ചതായാണ് റിപ്പോർട്ട്.