സ്കൂൾ സ്കോളർഷിപ്പ് വിവാദം; ലീഗ് മന്ത്രിയെ പരിഹസിച്ച് എസ്.എഫ്.ഐ, സഞ്ജീവിന്റെ വിമർശനം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് എസ്.എഫ്.ഐ. കോൺഗ്രസ് സർക്കാർ സംഘപരിവാർ പ്രവർത്തകരെ മന്ത്രിമാരുടെ ഓഫീസുകളിൽ നിയമിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവാണ് രംഗത്തെത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടക്കുന്ന ‘യങ് സ്കോളർ എക്സാം’ എന്ന പരിപാടി ലീഗ് മന്ത്രിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചത് എങ്ങനെയാണെന്ന് സഞ്ജീവ് ചോദിച്ചു. മന്ത്രി എൻ. ഷംസുദ്ദീൻ ഇക്കാര്യം അറിഞ്ഞിരുന്നോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാഞ്ഞു.
ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നത്. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരത്തിന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അനുമതി നൽകിയതും വിവാദമായിട്ടുണ്ട്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി മാസികയെന്നാണ് വിമർശകരുടെ ആരോപണം. നടൻ ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.
കേരളത്തിലെ മുസ്‌ലിം ലീഗ് പ്രവർത്തകരും അനുഭാവികളും വിഷയത്തിൽ പ്രതികരിക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. കോഴിക്കോട്ടെ ലീഗ് ഓഫീസിൽ സി.എച്ച്. മുഹമ്മദ് കോയയുടെ ചിത്രത്തിന് പകരം സവർക്കറുടെ ചിത്രം ഉയരുന്ന സാഹചര്യമുണ്ടാകുമെന്ന പരിഹാസത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.


