എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സുമായി ചർച്ചയ്ക്ക് സർക്കാർ; സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി

സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിൽ നിർണായക നീക്കം. സമരക്കാരുമായി ചർച്ച നടത്താമെന്ന് സർക്കാർ അറിയിച്ചതായി സമരസമിതി വ്യക്തമാക്കി. നാളുകളായി തുടരുന്ന സമരത്തിനിടെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്ത സർക്കാർ നടപടികൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
നിരാഹാര സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നതോടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായതെന്നാണ് സമരസമിതിയുടെ വിലയിരുത്തൽ. ആശുപത്രിയിൽ കഴിയുന്ന സമരനേതാവ് വളർമതിയെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. എന്നാൽ ചർച്ചയ്ക്ക് ശേഷമേ നിരാഹാര സമരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് വളർമതി പറഞ്ഞു.
അതേസമയം, ചർച്ച നടത്താമെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളതെന്നും തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ലെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുന്ന ജയകൃഷ്ണൻ പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയിൽ കഴിയുന്ന വളർമതിയുടെ ആരോഗ്യനില ഇപ്പോഴും മോശമായി തുടരുകയാണെന്നാണ് സമരസമിതി അറിയിക്കുന്നത്.


