മാനവീയം വീഥിയിലെ പരിപാടി വിലക്ക്; മേയർ വി.വി. രാജേഷിനെതിരെ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം

single-img
16 November 2026

തിരുവനന്തപുരം മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി.വി. രാജേഷിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ. പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭയിലെത്തിയ പ്രവർത്തകർ സെക്രട്ടറി ഓഫീസിന് മുന്നിൽ ഉപരോധം നടത്തി. ‘പാട്ടിനെ പേടിക്കുന്നവരാണോ നഗരസഭ ഭരിക്കുന്നത്’, ‘പാട്ടിന് വിലക്കോ, ഇത് കേരളമാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിപാടി നടത്താൻ അനുമതി തേടി സാംസ്കാരിക പ്രവർത്തകർ നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറി മേയർക്ക് സമർപ്പിച്ച ശുപാർശ വി.വി. രാജേഷ് തള്ളുകയായിരുന്നു. മാനവീയം വീഥി കള്ളും കഞ്ചാവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്ന ഇടമാണെന്ന മേയറുടെ പരാമർശം സാംസ്കാരിക ഇടത്തെ അപമാനിക്കുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പരാമർശത്തിൽ മേയർ രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നഗരസഭ സെക്രട്ടറിയെ നോക്കുകുത്തിയാക്കി മേയറാണ് എല്ലാ കാര്യങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. മന്ത്രി പി.സി. വിഷ്ണുനാഥ് നൈറ്റ് ലൈഫിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുമ്പോൾ, രാത്രി പത്തിന് ശേഷം പരിപാടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കലാകാരന്മാരെ വലിച്ചിഴച്ചുവെന്നും അവർ ആരോപിച്ചു.

മാനവീയം വീഥി കൈയടക്കാൻ മേയർക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന് സാംസ്കാരിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി.