അഖിലേഷിന്റെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ ഒവൈസി; ‘പി.ഡി.എ’ മുദ്രാവാക്യത്തെയും പരിഹസിച്ചു

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്നതുവരെ ഏകദേശം 400 വർഷത്തോളം മുസ്‌ലിംകൾ പ്രാർഥന നടത്തിയിരുന്ന സ്ഥലത്തേക്കാണ് അഖിലേഷ് പോകുന്നതെന്ന് ഒവൈസി വിമർശിച്ചു. ഡിസംബർ 12നാണ് അഖിലേഷ് യാദവിന്റെ അയോധ്യ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ മീററ്റിൽ തന്റെ പുതിയ രാഷ്ട്രീയ സഖ്യമായ ‘സാമാജിക് പരിവർത്തൻ മോർച്ച’യുടെ ആദ്യ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു ഒവൈസി. പള്ളികളും മദ്രസകളും തകർക്കപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാൻ അഖിലേഷ് തയ്യാറായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, നഗീനയിൽ നിസ്കാരം നടത്താൻ ആഗ്രഹിച്ചവർക്ക് പിന്തുണ നൽകിയ ചന്ദ്രശേഖർ ആസാദിന്റെ നിലപാടിനെ ഒവൈസി പ്രശംസിച്ചു.
അഖിലേഷിന്റെ പിന്നാക്ക-ദളിത്-ന്യൂനപക്ഷ സഖ്യമായ പി.ഡി.എ എന്ന മുദ്രാവാക്യത്തെയും ഒവൈസി പരിഹസിച്ചു. ‘അഖിലേഷിനെ മറിച്ചിടും’ എന്നതാണ് പി.ഡി.എയുടെ യഥാർഥ അർത്ഥമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 2013ലെ മുസഫർനഗർ കലാപവും അഖിലേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഭരണനടപടികളും ഉയർത്തിക്കാട്ടി അദ്ദേഹം വിമർശനം ഉന്നയിച്ചു. കലാപത്തെത്തുടർന്ന് അമ്പതിനായിരത്തോളം പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടിവന്നെന്നും 47 മുസ്‌ലിം എംഎൽഎമാർ ഉണ്ടായിരുന്നിട്ടും സമാജ്‌വാദി പാർട്ടി ഫലപ്രദമായി ഇടപെട്ടില്ലെന്നും ഒവൈസി ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പിന്നീട് സർക്കാർ പൊളിച്ചുനീക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയെ പരാജയപ്പെടുത്താൻ ശേഷിയുള്ള പാർട്ടിക്ക് ദളിതരും മുസ്‌ലിങ്ങളും വോട്ട് ചെയ്യണമെന്ന അഖിലേഷിന്റെ ആഹ്വാനത്തെയും ഒവൈസി ചോദ്യം ചെയ്തു. 2014, 2017, 2019, 2022 തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ സമാജ്‌വാദി പാർട്ടിക്ക് സാധിച്ചിട്ടുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്കും എസ്.പി.-കോൺഗ്രസ് സഖ്യത്തിനും പകരം മുസ്‌ലിം-ദളിത് രാഷ്ട്രീയ ബദലാണ് പുതിയ മുന്നണി മുന്നോട്ടുവെക്കുന്നതെന്നും ഒവൈസി വ്യക്തമാക്കി.
ഇനിയൊരു രാഷ്ട്രീയ പാർട്ടിക്കും മുന്നിൽ തലകുനിക്കില്ലെന്നും ആരോടും യാചിക്കുകയോ കീഴടങ്ങുകയോ ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ചന്ദ്രശേഖർ ആസാദാണ് പുതിയ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും ഒവൈസി വേദിയിൽ പ്രഖ്യാപിച്ചു. ആസാദുമായി വെറും രാഷ്ട്രീയ ധാരണയല്ല, ഹൃദയങ്ങൾ തമ്മിലുള്ള ഐക്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


