മൃഗങ്ങളുടെ അവകാശം മൗലികാവകാശമല്ല; ജല്ലിക്കട്ട് വിധിയിലെ സുപ്രീംകോടതി നിരീക്ഷണം

single-img
19 May 2023

തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നടത്തുന്നതുമായി ബന്ധപ്പെട്ടു സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ മൃഗാവകാശവുമായി ബന്ധപ്പെട്ട സുപ്രധാന നിര്‍ദ്ദേശങ്ങള്‍. ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് മാതമായി പരിമിതപ്പെടുത്താതെ എല്ലാ മനുഷ്യര്‍ക്കും ബാധകമാക്കിയ മൗലികാവകാശങ്ങള്‍ക്ക് മൃഗങ്ങള്‍ക്ക് ഉണ്ടാവില്ലെന്നാണ് ജസ്റ്റിസ് കെ എം ജോസഫ് ഉൾപ്പെടുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചത്.

”ഇന്ത്യൻ ഭരണഘടനയുടെ 19-ാം വകുപ്പിന്റെ പരിധിയില്‍ മൃഗങ്ങളെയും കൊണ്ടുവരുന്ന തരത്തില്‍ ജുഡിഷ്യല്‍ ആക്ടിവിസം കാണിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. തെരുവുകളിൽ അലയുന്ന മൃഗത്തെ തടയുന്നത് ഹേബിയസ് കോര്‍പസ് ഹരജിയ്ക്ക് കാരണമാകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് മൃഗങ്ങളുടെ അവകാശം മൗലികാവകാശമാക്കണമോ എന്ന കാര്യത്തില്‍ നിയമനിര്‍മാണ സഭ തീരുമാനമെടുക്കട്ടെ,” കോടതി വിധിച്ചു.

”മൃഗങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള വേദനയും ഉണ്ടാക്കാത്ത രീതിയില്‍ സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ അധികാര പരിധിയ്ക്ക് പുറത്തുള്ള കാര്യമാണ്. 1960 ലെ നിയമം പറയുന്നത് മൃഗങ്ങളെ അനാവശ്യമായ വേദനയില്‍നിന്നും കഷ്ടപ്പാടുകളില്‍നിന്നും സംരക്ഷിക്കണമെന്നു മാത്രമാണ്,” മൃഗങ്ങളെ ഉപയോഗിച്ചുള്ള കായികപരിപാടികള്‍ അവയ്ക്ക് വേദന ഉണ്ടാക്കുന്നതാണെന്ന കക്ഷിക്കാരുടെ നിലപാടിന് കോടതി മറുപടി നൽകി.

ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് റാസ്തോഗി, അനിരുദ്ധ ബോസ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങുന്ന ഭരണഘടന ബഞ്ചാണ് ജല്ലിക്കട്ട് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. 2014 ലായിരുന്നു സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിച്ചത്.

അതിനു ശേഷമാണ് തമിഴ്‌നാട് നിയമസഭ പ്രിവന്‍ഷ്യന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് ഭേദഗതി നിയമം പാസാക്കിയത്. ഈ ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് ഭരണഘടനാ ബഞ്ച് പരിശോധിച്ചത്. ഇതിനുശേഷമാണ് നിയമം സാധുവാണെന്നും അതിനനുസരിച്ച് ജല്ലിക്കട്ട് നടത്താമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.