കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കുന്നത് പാര്‍ലമെന്റ് ബിജെപിക്ക് മാത്രമുള്ളതാണെന്നാണ്; എന്നാല്‍ അത് മുഴുവന്‍ രാജ്യത്തിന്റേതുമാണ്: കെസി വേണുഗോപാല്‍

single-img
12 March 2026

സഭയിലെ ഓരോ അംഗത്തിന്റെയും അവകാശങ്ങളുടെ സംരക്ഷകനായ ചെയര്‍മാന്‍, നിഷ്പക്ഷനായി പ്രവര്‍ത്തിക്കാതെ ഭരണകക്ഷിയുടെ ചീഫ് വിപ്പായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിലൂടെ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണെന്നും ലോക്‌സഭയിൽ കെസി വേണുഗോപാല്‍ എംപി.

പ്രതിപക്ഷ നേതാവിന് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കുന്നില്ല. പ്രതിപക്ഷ നേതാവ് സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മൈക്ക് താനേ ഓഫ് ചെയ്യപ്പെടുന്നു. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ യോജിച്ചതല്ല. കേന്ദ്രസര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ പൂര്‍ണ്ണമായും കീഴടങ്ങി. ഇന്‍ഡോ-യുഎസ് വ്യാപാര കരാര്‍, കര്‍ഷകരുടെ ദുരിതം. ഡാറ്റാ സുരക്ഷ എന്നിവയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ല.റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയോട് നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോഴും ഇന്ത്യ മൗനം പാലിക്കുന്നുയ ഒരു കേന്ദ്രമന്ത്രി എപ്സ്റ്റീന്‍ ഫയലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്, ഈ ഭയം മൂലമോ ബ്ലാക്ക് മെയിലിംഗ് മൂലമോ ഇന്ത്യ അതിന്റെ പരമാധികാരവും അഖണ്ഡതയും വിദേശ രാജ്യത്തിന് അടിയറവ് വെച്ചതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

മുന്‍കാലങ്ങളില്‍ സ്പീക്കര്‍മാര്‍ക്കെതിരെ കുറ്റവിചാരണ പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോള്‍, നെഹ്റുവും രാജീവ് ഗാന്ധിയിനോയുംപ്പോലെയുള്ള പ്രധാനമന്ത്രിമാരും നേരിട്ട് മറുപടി നല്‍കാന്‍ ധൈര്യം കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി എവിടെയാണ്? അദ്ദേഹം എന്തിനാണ് ഓടിപ്പോകുന്നതെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നു. ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ മൂലം സ്പീക്കറുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. പാര്‍ലമെന്ററി ജനാധിപത്യം വലിയ അപകടത്തിലാണ്.

പ്രതിപക്ഷ അംഗങ്ങളെ നിസ്സാര കാരണത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുകയാണ്. രാഹുല്‍ ഗാന്ധിയെ ഒരു ഗുജറാത്ത് കോടതി വിധിയുടെ പേരില്‍ നോട്ടീസ് പോലും നല്‍കാതെ 24 മണിക്കൂറിനുള്ളില്‍ അയോഗ്യനാക്കി. ജനാധിപത്യം നശിപ്പിക്കുന്നതിന് ഇന്ത്യയിലെ ജനങ്ങള്‍ ബിജെപിയ ഒരു പാഠം പഠിപ്പിക്കും. കൂടാതെ, വനിതാ എംപിമാര്‍ പ്രധാനമന്ത്രിക്കെതിരെ എന്തോ മോശം കാര്യം ആസൂത്രണം ചെയ്യുന്നുണ്ടെന്ന സ്പീക്കറുടെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതും അപകീര്‍ത്തികരവുമാണെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാല്‍ അത്തരമൊരു വിവരമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് അത് സുരക്ഷാ സേനയ്ക്ക് നല്‍കിയില്ലെന്നും ചോദിച്ചു.

ചൈനീസ് സൈന്യം നമ്മുടെ പ്രദേശത്തേക്ക് കടന്നുകയറിയപ്പോള്‍ നമ്മുടെ സൈന്യം കമാന്‍ഡിനായി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടപ്പോള്‍, ‘നിങ്ങള്‍ക്ക് ഉചിതമായത് ചെയ്യുക’ എന്ന് പറഞ്ഞ പ്രധാനമന്ത്രി ബാലാക്കോട്ട് സൈനിക നടപടിക്ക് മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണ് നല്ലതെന്ന് സൈന്യത്തിന് ഉത്തരവ് നൽകിയത് തന്നെ വിരോധാഭാസമാണ്.

രാഹുല്‍ ഗാന്ധി വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുന്നുവെന്ന് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അവകാശപ്പെടുമ്പോള്‍ മുന്‍ ജന്മത്തില്‍ ഞാന്‍ എന്ത് പാപമാണ് ചെയ്തതെന്ന് എനിക്കറിയില്ല, അതുകൊണ്ടാണ് ഞാന്‍ ഹിന്ദുസ്ഥാനില്‍ ജനിച്ചത് എന്നാണ് 2015 മെയ് 16-ന് ചൈനയിലെ ഷാങ്ഹായില്‍ വെച്ച് മോദി പറഞ്ഞതെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയയിലെ സോളിലും സിഡ്‌നിയിലും ന്യൂയോര്‍ക്ക്, ടൊറന്റോ, കാലിഫോര്‍ണിയ, ലണ്ടന്‍ എന്നിവിടങ്ങളില്‍ വെച്ചും മോദി ഇന്ത്യന്‍ സര്‍ക്കാരിനെയും ജനങ്ങളെയും അധിക്ഷേപിക്കുന്നത് തുടര്‍ന്നെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിനെ അഭിമുഖീകരിക്കാതിരിക്കാനുള്ള ഒരു വഴി ഒരുക്കാന്‍ സ്പീക്കറുടെ പദവിയെ സര്‍ക്കാര്‍ ഒരു ഉപകരണമായി ഉപയോഗിക്കുന്നു.ഈ സര്‍ക്കാര്‍ വിചാരിക്കുന്നത് പാര്‍ലമെന്റ് ബിജെപിക്ക് മാത്രമുള്ളതാണെന്നാണ്, എന്നാല്‍ അത് മുഴുവന്‍ രാജ്യത്തിന്റേതുമാണ് . സത്യം കേള്‍ക്കാന്‍ അവര്‍ക്ക് ഭയമാണ്. പ്രതിരോധ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചപ്പോള്‍ പോലും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല.ഇഡി, സിബിഐ, ആദായനികുതി വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയെ ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ സംവിധാനത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.ഈ പ്രമേയം കേവലം ഒരു സ്പീക്കറെ നീക്കം ചെയ്യുന്നതിനെക്കുറിച്ചല്ല; ഇത് ലോക്സഭയുടെയും രാഷ്ട്രത്തിന്റെയും ആത്മാവും അന്തസ്സും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.