സർക്കാരിനെതിരെ ഒന്നും പറയില്ല; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരൻ

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും പിന്തുണ തരാമെന്നു ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിക്ക് എതിരായല്ല സംസാരിക്കുന്നത്. സർക്കാരിനെതിരെ ഒന്നും പറയില്ല. ഭരണവിരുദ്ധ വികാരത്തെകുറിച്ചു തനിക്ക് അറിയില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ചുവര് എഴുതില്ലെന്നും, മണ്ഡലത്തിൽ അല്ലാതെ എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നും സുധാകരൻ പറഞ്ഞു. അധികാര കൊതി ആണെന്ന ആരോപണത്തിന് മറുപടി, പാർട്ടിക്കാർ മത്സരിക്കുന്നത് കാശിക്കുപോകാൻ ആണോ, സന്യസിക്കാൻ ആണോ എന്നായിരുന്നു ജി. സുധാകരൻ്റെ മറുപടി.
പിണറായി മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമുണ്ടെന്നും മൂന്നാം പിണറായി സർക്കാർ വരുന്നതിൽ താൽപ്പര്യം ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അവരോട് വോട്ട് അഭ്യർഥിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.


