പാകിസ്ഥാനെ ഇറാൻ യുദ്ധം കൂടുതൽ പ്രതിസന്ധിയിലാക്കി; ഇഫ്താർ പാർട്ടികൾ പോലും നടത്തരുതെന്ന് നിർദേശം

single-img
11 March 2026

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനെ ഇറാൻ യുദ്ധം കൂടുതൽ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. യുദ്ധം നീളുന്നതിനാൽ രാജ്യത്ത് അടച്ചുപൂട്ടൽ നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.ആഗോള എണ്ണവില കുത്തനെ ഉയർന്നതോടെ സ്ഥിതി നിയന്ത്രിക്കാൻ കഴിയാതായതിനെ തുടർന്ന് സ്കൂളുകളും ഓഫീസുകളും അടച്ചിടാൻ തീരുമാനിച്ചു. പുണ്യമാസമായ റംസാനിൽ ഇഫ്താർ പാർട്ടികൾ പോലും നടത്തരുതെന്ന് നിർദേശം നൽകിയതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബാങ്കുകൾ ഒഴികെയുള്ള ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് പൂർണമായും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ നൽകുന്ന സർക്കാർ ഓഫീസുകൾ ആഴ്ചയിൽ നാലുദിവസം മാത്രം പ്രവർത്തിക്കണമെന്നും ഉത്തരവിട്ടു. ഈ ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർ മാത്രം എത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചതോടെ പാകിസ്ഥാനിലേക്കുള്ള എണ്ണവരവ് ഏകദേശം പൂർണമായും നിലച്ചിരിക്കുകയാണ്. അതേസമയം വൻ വില നൽകി എണ്ണ വാങ്ങാനുള്ള സാമ്പത്തിക ശേഷിയും രാജ്യത്തിന് ഇല്ല. ഇതോടെ എണ്ണയും പാചകവാതകവും ലഭിക്കുന്നതിൽ ഗുരുതര പ്രതിസന്ധി രൂപപ്പെട്ടു.മാസത്തിൽ മൂന്ന് ലക്ഷം രൂപയോ അതിൽ കൂടുതലോ ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥർ മാസത്തിൽ രണ്ട് ദിവസം ശമ്പളമില്ലാതെ ജോലി ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകൾക്കും രണ്ടുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി. സർക്കാർ തലത്തിലെ ഇഫ്താർ പരിപാടികളും നിരോധിച്ചിട്ടുണ്ട്.യുദ്ധം ആരംഭിച്ച ഉടൻ രാജ്യത്ത് എണ്ണവില ഉയർത്തിയിരുന്നുവെങ്കിലും പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാനായില്ല. ആവശ്യത്തിന് എണ്ണ ശേഖരം ഇല്ലാത്തതും പ്രശ്നം വഷളാക്കി. യുദ്ധം തുടരുകയാണെങ്കിൽ രാജ്യത്ത് കടുത്ത പട്ടിണി പ്രതിസന്ധി ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.