ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി വികൃതവും വൈരുദ്ധ്യാത്മകവും; ടീസ്ത സെതൽവാദിന് സുപ്രീംകോടതിയുടെ സ്ഥിര ജാമ്യം

single-img
19 July 2023

2002 ൽ നടന്ന ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിൽ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ഉടൻ കീഴട‌ങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ​ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം.

ജസ്റ്റിസ് ബി ആർ ​ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവര‌ടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചോദ്യം ചെയ്യുകയും ചെയ്തു. ഹൈക്കോടതിയുടെ നടപടി വികൃതവും വൈരുദ്ധ്യാത്മകവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

മാത്രമല്ല, കേസിൽ കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നതിനാൽ ഹർജിക്കാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഈ മാസം ഒന്നിന് ടീസ്തയുടെ ജാമ്യാപേക്ഷ ​ഗുജറാത്ത് ഹൈക്കോടതി തളളിയിരുന്നു. ഉടൻ കീഴടങ്ങണമെന്ന് നിർദേശിക്കുകയും ചെയ്തു. പ്രസ്തുത ദിവസം തന്നെ സുപ്രീംകോടതി പ്രത്യേക സിറ്റിം​ഗിലൂടെ ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. കേസിൽ നേരത്തെ ടീസ്ത സെതൽവാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.