മയക്കുമരുന്ന് മുക്ത ഇന്ത്യയും നക്‌സലിസത്തിന്റെ തിരിച്ചുവരവ് തടയലും; നിർണായക നടപടികൾക്ക് നിർദേശവുമായി മോദി

single-img
19 November 2026

രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കുന്നതിനും നക്‌സലിസം വീണ്ടും തലപൊക്കുന്നത് തടയുന്നതിനും ദാരിദ്ര്യനിർമാർജനം വേഗത്തിലാക്കുന്നതിനും നിർണായക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 11 സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. സാമ്പത്തികകാര്യ സെക്രട്ടറി അനുരാധ ഠാക്കൂർ, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹ്യ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ വിവിധ റിപ്പോർട്ടുകളും സമർപ്പിച്ചു.

രാജ്യത്തെ ലഹരി ഉപയോഗത്തിൽ നിന്ന് പൂർണമായി മുക്തമാക്കുന്നതിനുള്ള ‘ഡ്രഗ്സ് ഫ്രീ ഇന്ത്യ’ പ്രചാരണം ശക്തിപ്പെടുത്താൻ ഏകോപിത പ്രവർത്തനങ്ങൾ വേണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെങ്കിൽ ലഹരിയെന്ന ഭീഷണിയും മറികടക്കാനാകുമെന്ന് മോദി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തിൽ സംസാരിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് ഉപയോഗം പ്രധാന രാഷ്ട്രീയ ചർച്ചാവിഷയമായ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മോദിയുടെ ഈ പരാമർശം.

ദാരിദ്ര്യനിർമാർജനവും നക്‌സലിസം ഇല്ലാതാക്കലുമായിരുന്നു യോഗത്തിലെ മറ്റ് പ്രധാന വിഷയങ്ങൾ. 2011നും 2023നും ഇടയിൽ ഇന്ത്യയിൽ 50 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ കടുത്ത ദാരിദ്ര്യനിരക്കിൽ 90 ശതമാനം കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞെങ്കിൽ 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ലക്ഷ്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് പൂർണമായി മോചിപ്പിച്ച പ്രദേശങ്ങളിൽ അക്രമവും നക്‌സലിസവും വീണ്ടും തിരിച്ചുവരുന്നില്ലെന്ന് ഉദ്യോഗസ്ഥരും മന്ത്രാലയങ്ങളും ഉറപ്പാക്കണമെന്നും മോദി നിർദേശിച്ചു. ഇത്തരം മേഖലകളിൽ സമാധാനവും വികസനവും നിലനിർത്താൻ തുടർച്ചയായ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.