അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും കുറ്റവിമുക്തി; 14 വർഷത്തിന് ശേഷം നിർണായക വിധി

യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെവിട്ടു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് എന്നിവരെയാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയത്. 2012ൽ നടന്ന കൊലപാതകത്തിൽ 14 വർഷത്തിന് ശേഷമാണ് നിർണായക വിധി വന്നിരിക്കുന്നത്.
കേസിൽ പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമായിരുന്നു. ഇരുവരും ഉൾപ്പെടെ 33 സി.പി.എം പ്രവർത്തകരാണ് കേസിൽ പ്രതികളായിരുന്നത്. ഇതിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചിരുന്നു. സുമേഷാണ് കേസിലെ ഒന്നാം പ്രതി. പി. ഗണേശൻ, അനൂപ്, വിജേഷ്, കെ. പ്രകാശൻ എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ. കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ അബ്ദുൾ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹർജിയെത്തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. 2016 ഫെബ്രുവരി എട്ടിന് അന്വേഷണത്തെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഉത്തരവിലൂടെയാണ് ഹൈക്കോടതി തുടരന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചത്.


