‘ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല’; മന്ത്രിസഭയിലെ ഭിന്നതാ വാർത്തകൾ തള്ളി മുഖ്യമന്ത്രി

മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭയിൽ ഭിന്നതയില്ലെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർക്ക് അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചർച്ചകൾക്കൊടുവിൽ ഐകകണ്ഠ്യേനയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭയിലെ ചർച്ചകളെ തർക്കങ്ങളായി കാണേണ്ടതില്ല. പല വിഷയങ്ങളിലും വിശദമായ ചർച്ചകളും വ്യത്യസ്ത അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. മന്ത്രിമാർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. മന്ത്രി എ.പി. അനിൽകുമാറിന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. അത് തള്ളിക്കളയുന്ന രീതിയല്ല തന്റേതെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുമെന്നും സതീശൻ പറഞ്ഞു.
‘ഇത് പിണറായി വിജയന്റേതുപോലുള്ള വിധേയരുടെ മന്ത്രിസഭയല്ല. പോക്കറ്റിൽനിന്ന് കടലാസ് എടുത്തുനൽകുമ്പോൾ അതേപടി അംഗീകരിക്കുന്ന രീതിയല്ല ഇവിടെ. ഇത് ടീം യു.ഡി.എഫാണ്. മന്ത്രിമാർക്ക് അഭിപ്രായങ്ങൾ തുറന്നുപറയാം. ഏറ്റവും ജൂനിയറായ മന്ത്രി ജനീഷ് പോലും എന്റെ മുഖത്തുനോക്കി അഭിപ്രായം പറയും. അപ്പോഴാണ് നല്ല നിർദേശങ്ങൾ വരുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവുമാണ് യു.ഡി.എഫിനെ മുന്നോട്ടുനയിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് മന്ത്രിസഭയിൽ ഒരു മണിക്കൂറോളം ചർച്ച നടന്നതായും അദ്ദേഹം വ്യക്തമാക്കി. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുകയും ചിലർ തമ്മിൽ തർക്കിക്കുകയും ചെയ്തു. ബില്ലിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ചർച്ചകൾക്കൊടുവിൽ തീരുമാനമെടുത്തു. എൽ.പി.എസ്.ടി സമരവും മന്ത്രിസഭ ചർച്ച ചെയ്തു. സമരക്കാരുടെ ആരോഗ്യസ്ഥിതിയിൽ സർക്കാരിന് ആശങ്കയുണ്ടെന്നും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും സതീശൻ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കേണ്ട നിലപാടാണ് മന്ത്രിസഭ ചർച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ദേവസ്വത്തിലെ നിയമന ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നല്ല, ദേവസ്വം വകുപ്പിൽനിന്നാണ് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട ഫയലിൽ എല്ലാ ഹിന്ദു മന്ത്രിമാരും ഒപ്പിട്ടിട്ടുണ്ട്. ഒപ്പിടേണ്ട മന്ത്രിമാർ സ്ഥലത്തില്ലാതിരുന്നതിനാലാണ് നടപടികൾ വൈകിയത്. എന്നാൽ മന്ത്രിസഭാ യോഗത്തിന് മുമ്പുതന്നെ എല്ലാവരും ഒപ്പിട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു തർക്കവും ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.


