‘ബുൾഡോസറിന്റെ സ്റ്റിയറിങ് തിരഞ്ഞെടുപ്പ് കമ്മീഷന് നേരെ തിരിക്കൂ’; യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തെ പരിഹസിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ ബുൾഡോസർ ഒരു ബ്രാൻഡായി മാറിയെന്ന യോഗിയുടെ മുൻ പരാമർശം ചൂണ്ടിക്കാട്ടിയ അഖിലേഷ്, മുഖ്യമന്ത്രിക്ക് ബുൾഡോസറിനോട് താൽപര്യമുണ്ടെങ്കിൽ അതിന്റെ സ്റ്റിയറിങ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് തിരിക്കട്ടെയെന്ന് പരിഹസിച്ചു.
1.27 കോടി ഹിന്ദു വോട്ടുകൾ നീക്കം ചെയ്തെന്ന ആരോപണത്തെക്കുറിച്ച് ഇനി സംസാരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് സത്യമെന്ന് അഖിലേഷ് പറഞ്ഞു. കമ്മീഷന്റെ നിലപാടിൽ വിയോജിപ്പുണ്ടെങ്കിൽ ബുൾഡോസറിന്റെ സ്റ്റിയറിങ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് തിരിക്കട്ടെയെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വെല്ലുവിളിച്ചു.
1.27 കോടി ഹിന്ദു വോട്ടുകൾ ഒഴിവാക്കപ്പെട്ടുവെന്ന കൃത്യമായ കണക്ക് യോഗിക്ക് എവിടെനിന്നാണ് ലഭിച്ചതെന്നും അഖിലേഷ് ചോദിച്ചു. മുഖ്യമന്ത്രിക്ക് പ്രത്യേക ദിവ്യശക്തിയോ ഉപഗ്രഹ സാങ്കേതികവിദ്യയോ ലഭിച്ചിട്ടുണ്ടോയെന്നും, ഒഴിവാക്കപ്പെട്ട വോട്ടർമാർ ഹിന്ദുക്കളാണെന്ന് എങ്ങനെ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പരിഹസിച്ചു.
വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ഗോത്രവർഗക്കാർ, മുസ്ലിംകൾ എന്നിവരടങ്ങുന്ന പി.ഡി.എ വിഭാഗത്തിന്റെ വോട്ടുകൾ ഗൂഢാലോചനയിലൂടെ നീക്കം ചെയ്യുകയാണെന്നാണ് അഖിലേഷിന്റെ ആരോപണം. ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വോട്ടർമാരുടെ പേരുകൾ ഉത്തർപ്രദേശിലെ പട്ടികയിൽ ഉൾപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബൂത്ത് തലത്തിൽ വോട്ടർ പട്ടിക കർശനമായി പരിശോധിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.


