എം.വി. ഗോവിന്ദന്റെ ഇടപെടൽ; അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയായി പ്രവാസി യുവതിക്ക് ലഭിച്ചത് 8,000 ദിർഹം

അഞ്ചുമാസത്തോളം ശമ്പളം നൽകാതെ കമ്പനി അധികൃതർ ദുരിതത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശിനിക്ക് കുടിശ്ശിക തുക ലഭിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഇടപെടലിനെ തുടർന്നാണ് നിഷ രാജന് 8,000 ദിർഹവും (ഏകദേശം രണ്ട് ലക്ഷം രൂപ) കോടതിച്ചെലവും തിരികെ ലഭിച്ചത്.
രണ്ടുവർഷം മുമ്പ് ഷാർജയിലെ ഒരു ബ്യൂട്ടി സലൂണിൽ ജോലിക്കെത്തിയ നിഷയ്ക്ക് സ്ഥാപന ഉടമയായ എറണാകുളം സ്വദേശി അഞ്ചുമാസത്തെ ശമ്പളം നൽകിയിരുന്നില്ല. ഇതോടെ നിഷ എം.വി. ഗോവിന്ദന്റെ സഹായം തേടുകയായിരുന്നു.
തുടർന്ന് ഗോവിന്ദൻ യു.എ.ഇയിലെ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാമൂലം വിവരം അറിയിക്കുകയും നിയമസഹായം തേടുകയും ചെയ്തു. ഇതിനു പിന്നാലെ നിയമനടപടികൾ ആരംഭിച്ചതോടെ സ്ഥാപന ഉടമ ഒത്തുതീർപ്പിന് തയ്യാറാവുകയായിരുന്നു. തുടർന്നാണ് നിഷയ്ക്ക് ശമ്പള കുടിശ്ശികയും കോടതിച്ചെലവും ലഭിച്ചത്.


