കേരളത്തിലേക്കുള്ള ക്വാറി ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധനം നീക്കി; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

single-img
18 November 2026

തമിഴ്‌നാട്ടിൽനിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉത്പന്നങ്ങൾ കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണം നീങ്ങി. കല്ല്, ക്രഷർ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള ധാതുക്കളുടെ അന്തർസംസ്ഥാന കയറ്റുമതിക്ക് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ മൂന്ന് മാസത്തെ നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

തമിഴ്‌നാട് സർക്കാരിന്റെ ഖനന ചട്ടങ്ങളിലെ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. നിയമാനുസൃത ലൈസൻസോടെ ഖനനം ചെയ്ത ഉത്പന്നങ്ങൾ എവിടെ വിൽക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലൈസൻസുടമകൾക്കുണ്ടെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

ചട്ടങ്ങളിലെ ഭേദഗതിയുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി നിരോധിക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

നിരോധനം നീങ്ങിയതോടെ തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള കരിങ്കല്ല്, ക്രഷർ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള ക്വാറി ഉത്പന്നങ്ങളുടെ നീക്കത്തിന് വീണ്ടും വഴിതുറന്നു.