മന്ത്രിസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനം; തീരുമാനങ്ങൾ ഏകപക്ഷീയമെന്ന് മന്ത്രിമാർ

single-img
18 November 2026

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ മന്ത്രിസഭയിൽ മന്ത്രിമാരുടെ രൂക്ഷവിമർശനം. മറ്റ് വകുപ്പുകളിലെ കാര്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതിലും പ്രധാന തീരുമാനങ്ങൾ കൂട്ടായ ചർച്ചകളില്ലാതെ കൈക്കൊള്ളുന്നതിലും മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാറും സണ്ണി ജോസഫുമാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിയോജിപ്പുമായി രംഗത്തെത്തിയത്.

ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവും പുതിയ പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് പ്രധാനമായും തർക്കത്തിന് വഴിവെച്ചത്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെയാണ് മന്ത്രി എ.പി. അനിൽകുമാർ എതിർപ്പ് അറിയിച്ചത്. മന്ത്രിമാരുമായി ചർച്ച നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്നും ഇത്തരം തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമനം അടിയന്തരമായി നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. എന്നാൽ പി.എസ്.സി നിയമനത്തിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിലും മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അനിൽകുമാർ വിമർശിച്ചു.

ഇതോടെ മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. പി.എസ്.സി അംഗങ്ങളുടെ പട്ടിക താനും മുഖ്യമന്ത്രിയും ആലോചിച്ചാണ് തയ്യാറാക്കിയതെന്നായിരുന്നു മുരളീധരന്റെ വിശദീകരണം. എന്നാൽ കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന വിമർശനവുമായി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. ചില വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനത്തിലും അതൃപ്തി ഉയർന്നു. ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചു. മന്ത്രിസഭാ യോഗത്തിൽ ലീഗ് മന്ത്രിമാർ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ അവരുടെ മൗനത്തെയും മന്ത്രി ഷിബു ബേബി ജോൺ വിമർശിച്ചതായാണ് റിപ്പോർട്ട്.

മറ്റ് വകുപ്പുകളിലെ കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഇടപെടലും പ്രധാന തീരുമാനങ്ങൾ മന്ത്രിമാരുമായി ആലോചിക്കാതെ കൈക്കൊള്ളുന്നതും മന്ത്രിസഭയ്ക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. കൂട്ടായ ചർച്ചയും ഏകോപനവും ഉറപ്പാക്കണമെന്ന ആവശ്യമാണ് മന്ത്രിമാർ ഉയർത്തിയതെന്നാണ് വിവരം.