ഷുക്കൂർ വധക്കേസ് വിധി രാഷ്ട്രീയ വേട്ടയാടലിനേറ്റ തിരിച്ചടി; പി. ജയരാജനെ ന്യായീകരിച്ച് കെ.കെ. രാഗേഷ്

അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട കോടതി വിധി രാഷ്ട്രീയ വേട്ടയാടലിനേറ്റ തിരിച്ചടിയാണെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കഴിഞ്ഞ 14 വർഷമായി പാർട്ടി കോടതി, പാർട്ടി വിചാരണ, ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളുമായി പ്രചരിപ്പിച്ച നുണകൾക്കേറ്റ തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഗേഷ്.
അക്രമം നടന്ന സ്ഥലത്ത് സന്ദർശനത്തിനെത്തിയ പി. ജയരാജൻ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ചിലർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ഇതിന്റെ ഭാഗമായി നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായെന്നുമാണ് രാഗേഷിന്റെ വിശദീകരണം. സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ ഇതിന്റെ പേരിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പി. ജയരാജനെ വേട്ടയാടുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ ഗൂഢാലോചന തെളിയിക്കുന്നതിനായി യു.ഡി.എഫ് കള്ളസാക്ഷികളെ കൊണ്ടുവന്നുവെന്നും കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. പി. ജയരാജനെയും ടി.വി. രാജേഷിനെയും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്കേസെന്ന പ്രചാരണത്തിനാണ് കോടതി വിധിയോടെ തിരിച്ചടിയേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റുകാരെ നിരവധി പേർ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും അത്തരം സംഭവങ്ങൾ തുടർച്ചയായ ചർച്ചകൾക്ക് വിധേയമാകാറില്ലെന്ന് രാഗേഷ് പറഞ്ഞു. കൊല്ലപ്പെട്ട പലരുടെയും പേരുകൾ പോലും പൊതുസമൂഹത്തിന് അറിയില്ല. അരിയിൽ ഷുക്കൂർ വധക്കേസ് ഉൾപ്പെടെയുള്ള ചില സംഭവങ്ങൾ മാത്രം പ്രത്യേകമായി ഉയർത്തിക്കാട്ടി വ്യാപക ചർച്ചകൾ നടത്തുകയാണ്. കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ സമാനമായ ചർച്ചകൾ ഉണ്ടാകാറില്ലെന്നും അദ്ദേഹം വിമർശിച്ചു.


