ഉക്രൈനെതിരെ റഷ്യന്‍ സൈനിക യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍; അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് യുഎസ്‌

single-img
31 October 2024

യുക്രെയ്‌നിനെതിരെ യുദ്ധം ചെയ്യാൻ റഷ്യന്‍ സൈനിക യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയിലേക്ക് നീങ്ങുന്നതായി അമേരിയ്ക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്‌കിലേക്ക് ഉത്തര കൊറിയന്‍ സൈനികര്‍ നീങ്ങുന്നതായി അദ്ദേഹം അരോപിച്ചു.

വളരെയധികം അപകടകരവും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുനൊപ്പം പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍.

ഇത്തരത്തിൽ സൈന്യത്തെ വിട്ടുനല്‍കുന്നതിനു പകരമായി ഉത്തര കൊറിയ റഷ്യയില്‍ നിന്ന് തന്ത്രപരമായ ആണവായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യുന്‍ പറഞ്ഞു. അങ്ങിനെയുള്ള നീക്കം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു സൈന്യത്തെ ഉത്തര കൊറിയ പിന്‍വലിക്കണമെന്ന് ലോയ്ഡ് ഓസ്റ്റിനും കിം യോങ് ഹ്യുനും ആവശ്യപ്പെട്ടു.

നിലവിൽ രണ്ട് ഉത്തര കൊറിയന്‍ സേനാ യൂണിറ്റുകളിലായി 11000 സൈനികര്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.