ഇന്ദിരാഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി നിഷികാന്ത് ദുബെ; ‘ജുഡീഷ്യറിയെ അടിമയാക്കി മാറ്റി’

single-img
20 November 2026

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം അട്ടിമറിക്കുകയും ജുഡീഷ്യറിയെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 1966-ൽ ഇന്ദിരാഗാന്ധി രാജ്യത്തെ ജുഡീഷ്യറിയെ മുഴുവൻ തന്റെ അടിമയാക്കി മാറ്റിയെന്നും ദുബെ കുറ്റപ്പെടുത്തി.

‘കോൺഗ്രസിന്റെ കറുത്ത അധ്യായം’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പരമ്പരയുടെ ഭാഗമായാണ് ദുബെയുടെ പുതിയ ആരോപണങ്ങൾ. 1966 നവംബർ 20-ന് രാജ്യത്തുണ്ടായ രാഷ്ട്രീയ-ഭരണഘടനാ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.

ജുഡീഷ്യൽ നിയമനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ മാനദണ്ഡങ്ങൾ അന്നത്തെ കോൺഗ്രസ് സർക്കാർ ലംഘിച്ചുവെന്നാണ് ദുബെയുടെ പ്രധാന ആരോപണം. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി കീഴ്‌ക്കോടതികളിൽ നിയമനങ്ങൾ നടത്തിയെന്നും ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ സംസ്ഥാന സർക്കാരുകൾക്ക് അനിയന്ത്രിതമായ അധികാരം നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനയുടെ 233, 235 അനുച്ഛേദങ്ങൾ ലംഘിച്ച് കോൺഗ്രസ് പ്രവർത്തകരെ കീഴ്‌ക്കോടതികളിൽ ജഡ്ജിമാരായി നിയമിച്ചുവെന്നും ഇതിലൂടെ നീതിന്യായ സംവിധാനത്തെ പാർട്ടിയുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കാനാണ് ശ്രമിച്ചതെന്നും ദുബെ കുറ്റപ്പെടുത്തി. കോടതികളെ കോൺഗ്രസിന്റെ പാർട്ടി ഓഫീസുകളാക്കി മാറ്റിയെന്ന രൂക്ഷമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ഈ നിയമനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി 1966-ൽ സുപ്രീം കോടതി റദ്ദാക്കിയതായും ദുബെ തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സുപ്രീം കോടതി വിധിയെ മറികടക്കുന്നതിനായി ഇന്ദിരാഗാന്ധി സർക്കാർ 20-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോടതിയുടെ ഉത്തരവുകളെ പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് മറികടക്കാനായിരുന്നു നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തെയും ദുബെ വിമർശിച്ചു. അക്കാലത്ത് നിയമിക്കപ്പെട്ട ജഡ്ജിമാർ പിന്നീട് ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കോൺഗ്രസിന് അനുകൂലമായ വിധികൾ പുറപ്പെടുവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പാർലമെന്റിനെ ഉപയോഗിച്ച് സുപ്രീം കോടതി ഉത്തരവുകളെ മറികടന്നുകൊണ്ട് ഗാന്ധി കുടുംബം ഡോ. ബി.ആർ. അംബേദ്കർ രൂപം നൽകിയ ഭരണഘടനയെ ദുർബലപ്പെടുത്തിയെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. കോൺഗ്രസിന്റെ ഭരണകാലത്തെ ഭരണഘടനാ ഇടപെടലുകൾ വീണ്ടും രാഷ്ട്രീയ ചർച്ചയാക്കുന്നതാണ് ബിജെപി എംപിയുടെ പരാമർശങ്ങൾ.