പത്മജയുടെ തിരിച്ചുവരവിനെ പരിഹസിച്ച് ജിൻ്റോ ജോൺ; കോൺഗ്രസ് നേതൃത്വത്തിനെതിരെയും വിമർശനം

single-img
19 November 2026

ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ പത്മജ വേണുഗോപാലിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പത്മജയ്ക്കെതിരെ രൂക്ഷവിമർശനവുമായി ജിൻ്റോ രംഗത്തെത്തിയത്. പത്മജയെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിന് മുൻപ് പാർട്ടി നേതൃത്വം പൊതുനിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.ടി.ഡി.സി ചെയർപേഴ്സൺ സ്ഥാനം, ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ നിരവധി തവണ സ്ഥാനാർഥിത്വം, കെ.പി.സി.സിയിലെ ഉന്നത പദവികൾ തുടങ്ങി നിരവധി അവസരങ്ങൾ നൽകിയിട്ടും കടുത്ത അവഗണന നേരിട്ടുവെന്ന് ആരോപിച്ചാണ് പത്മജ പാർട്ടി വിട്ടതെന്ന് ജിൻ്റോ ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഹൈക്കമാൻഡിനെയും കോൺഗ്രസ് പാർട്ടിയെയാകെയും ആക്ഷേപിച്ച പത്മജയുടെ നിലപാട് മറക്കാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

ബി.ജെ.പിയിലേക്ക് പോയപ്പോൾ പത്മജ കൂടെ കൊണ്ടുപോയത് കെ. കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യമാണെന്നും ജിൻ്റോ ആരോപിച്ചു. അധികാരമോഹം മാത്രം കൈമുതലായുള്ളവരെ തൃപ്തിപ്പെടുത്തി പരിഗണന നൽകാൻ മാത്രം സ്ഥാനങ്ങൾ കോൺഗ്രസിലില്ലെന്ന് നേതാക്കൾ തിരിച്ചറിയണമെന്നും അദ്ദേഹം കുറിച്ചു.

മഴ മാറുമ്പോൾ കുട മടക്കി ഇറങ്ങിപ്പോകുന്നതുപോലെയും വെയിൽ മാറുമ്പോൾ തണൽ വിട്ടുപോകുന്നതുപോലെയും പരമാവധി അവസരങ്ങൾ പ്രയോജനപ്പെടുത്തിയ ശേഷം പാർട്ടിയെ ആക്ഷേപിച്ച് പുറത്തുപോയവർക്ക് പരവതാനി വിരിച്ച് സ്വീകരിക്കുന്നതിന് മുൻപ് കോൺഗ്രസിന് വ്യക്തമായ പൊതുനിലപാട് വേണമെന്നും ജിൻ്റോ ജോൺ നേതൃത്വത്തെ ഓർമിപ്പിച്ചു.

ബി.ജെ.പി വിട്ട പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. അതേസമയം, പത്മജയുടെ മടങ്ങിവരവിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് ജിൻ്റോയുടെ വിമർശനം.