വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ച് വൻകിട ഇടപാടിന് നീക്കം; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

സംസ്ഥാനത്ത് പവർക്കട്ട് ഭീതി സൃഷ്ടിച്ച് വൻകിട വൈദ്യുതി ഇടപാടിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നീക്കം നടന്നെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ യഥാർഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും വൻ അഴിമതി ലക്ഷ്യമിട്ട് കൃത്രിമമായി പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. വിഷയത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിയതിന് പിന്നാലെയാണ് പിണറായിയുടെ വിമർശനം. ജി.എൻ.എ വഴി കെ.എസ്.ഇ.ബി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും വസ്തുതകൾ മനസിലാക്കാതെയാണ് പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ റെഗുലേറ്ററി കമ്മീഷന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ജി.എൻ.എ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി നിർബന്ധം പിടിക്കുകയായിരുന്നുവെന്ന് പിണറായി ആരോപിച്ചു. പ്രതിപക്ഷം ഇടപാട് പുറത്തുകൊണ്ടുവന്നതോടെയാണ് കരാർ റദ്ദാക്കാനും മുൻ കെ.എസ്.ഇ.ബി ചെയർമാനെതിരെ ഒത്തുകളി അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ നിർബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഈ നീക്കങ്ങളെക്കുറിച്ച് പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നത് സർക്കാരിലെ ഭരണസ്തംഭനത്തിന്റെ തെളിവാണെന്നും പിണറായി വിമർശിച്ചു.
തനിക്ക് ലഭിച്ച ഫയലിൽ തീരുമാനമെടുക്കുന്നതിന് ആവശ്യമായവരുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. മന്ത്രിയോ പവർ സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ അറിയാതെ സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന അദൃശ്യസംഘം ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റൂൾസ് ഓഫ് ബിസിനസ് മറികടന്നുള്ള ഇത്തരം ഇടപെടലുകൾ സത്യപ്രതിജ്ഞാലംഘനമാണെന്നും പിണറായി ആരോപിച്ചു. വൈദ്യുതി വാങ്ങൽ വിവാദത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


