അധികാരത്തിലെത്തിയാൽ അയോധ്യയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കും: അഖിലേഷ് യാദവ്

single-img
10 November 2026

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ അയോധ്യയെ ‘സനാതന തീർത്ഥാടനത്തിന്റെ ആഗോള തലസ്ഥാന’മാക്കി മാറ്റുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും ക്ഷേത്ര ഭരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ഭരണത്തിൽ പുറത്തുനിന്നുള്ള കരാറുകാർ അയോധ്യയെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച അഖിലേഷ്, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും അനധികൃത സമ്പാദ്യം കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നൽകി.

അധികാരത്തിലെത്തിയാൽ റേഷൻ കടകൾ വഴി എണ്ണയും നെയ്യും വിതരണം ചെയ്യുമെന്നും പ്രാദേശിക ബോട്ടിംഗ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരാധനാമൂർത്തികളെ അപമാനിക്കാൻ അനുവദിക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.