വൈദ്യുതി വാങ്ങൽ തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്

ജിഎൻഎയിൽനിന്ന് തൽക്കാലം വൈദ്യുതി വാങ്ങില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രിയും കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും വാർത്തകളിലൂടെയാണ് വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഏത് വകുപ്പിലും ആവശ്യാനുസരണം ഇടപെടാമെന്നും വകുപ്പുമന്ത്രി അഭിപ്രായങ്ങൾ അറിയിക്കുകയാണ് ചെയ്യുന്നതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാജമാണിക്യത്തിന്റെ റിപ്പോർട്ട് പരിശോധിക്കാനുള്ള നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചതിനെത്തുടർന്നാണ് ജിഎൻഎയിൽനിന്നുള്ള വൈദ്യുതി വാങ്ങൽ തൽക്കാലം ഒഴിവാക്കിയത്. ആവശ്യമായ വൈദ്യുതി ലഭ്യമാണെന്ന് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചിരുന്നു.


