48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ; സർക്കാർ ജീവനക്കാരൻ സസ്പെൻഷനിലായതായി കണക്കാക്കാം: സുപ്രീം കോടതി

അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരൻ സസ്പെൻഷനിലായതായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇതിനായി പ്രത്യേക ഉത്തരവുകൾ ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പ്രതിയായ ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രി മാനേജർക്ക് അനുവദിച്ച ജാമ്യം പട്ന ഹൈക്കോടതി റദ്ദാക്കിയതിനെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരന്റെ 36,421 രൂപ ശമ്പളം അനുവദിക്കുന്നതിന് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ഇയാൾക്കെതിരായ കേസ്. അറസ്റ്റിലായ പ്രതിക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചെങ്കിലും പരാതിക്കാരന്റെ ഹർജിയിൽ ഹൈക്കോടതി അത് റദ്ദാക്കുകയായിരുന്നു.
പ്രതി ഏകദേശം 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, 48 മണിക്കൂറിലധികം കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരനെ സസ്പെൻഷനിലായതായി കണക്കാക്കണമെന്ന് വ്യക്തമാക്കി. സെഷൻസ് കോടതി ജാമ്യം അനുവദിച്ച് ഒരു വർഷത്തോളം കഴിഞ്ഞാണ് ഹൈക്കോടതി അത് റദ്ദാക്കിയതെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ സാധാരണയായി ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്നും ഗുരുതരമായ സാഹചര്യങ്ങളിലോ ക്രിമിനൽ പശ്ചാത്തലമുള്ളപ്പോഴോ മാത്രമാണ് ജാമ്യം നിഷേധിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിയുടെ സസ്പെൻഷൻ റദ്ദാക്കി അതേ ആശുപത്രിയിൽ അതേ തസ്തികയിൽ വീണ്ടും നിയമിച്ച നടപടിയെയും സുപ്രീം കോടതി വിമർശിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, സെഷൻസ് കോടതി അനുവദിച്ച ജാമ്യം പുനഃസ്ഥാപിക്കുകയും ചെയ്തു.


