ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന നടപടികൾ രാജ്യത്താകമാനം ഉണ്ടാകുന്നു: മുഖ്യമന്ത്രി

single-img
29 January 2023

14 ശതമാനം മുസ്ലീങ്ങളും 2 ശതമാനം ക്രിസ്ത്യാനികളുമാണ് രാജ്യത്തുള്ളത്. അവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് സംഘപരിവാർ എന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പ്രതികരണത്തിൽ, ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന നടപടികൾ രാജ്യത്താകമാനം ഉണ്ടാകുന്നു. ക്രിസ്ത്യൻ പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീങ്ങളെ ജയിലിലടക്കാവുന്ന സ്ഥിതി ഉണ്ടാക്കുന്നു. വിവാഹമോചനത്തിന്റെ പേരിൽ ജയിലിലാവേണ്ടിവരുന്ന മറ്റൊരു സമുദായം ഇന്ത്യയിലില്ല എന്ന് ഓർക്കണം. അതിനുമപ്പുറം കടന്ന് മുസ്ലീങ്ങളുടെ പൗരത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന സിഎഎ – എൻആർസി നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

14 ശതമാനം മുസ്ലീങ്ങളും 2 ശതമാനം ക്രിസ്ത്യാനികളുമാണ് രാജ്യത്തുള്ളത്. അവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് സംഘപരിവാർ. ഹരിയാനയിലെ ഗുഡ്ഗാവിൽ നമാസ് അനുഷ്ഠിക്കുകയായിരുന്ന മുസ്ലീങ്ങളെ ബജ്‌റംഗ്ദള്ളുകാർ ആക്രമിച്ചത് ഈ അടുത്തിടെയായിരുന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്ഥലങ്ങൾ വരെ ഇടിച്ചുനിരപ്പാക്കുന്ന മൃഗീയമായ കടന്നാക്രമണം ഈയിടെയാണ് ഉത്തർപ്രദേശിൽ നടന്നത്. മാസങ്ങൾ നീണ്ട ആക്രമണപരമ്പരയ്ക്ക് നേതൃത്വം നൽകിയത് ഭരണപ്രമുഖർ തന്നെ.

അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർത്ത ഘട്ടത്തിൽ ഉയർത്തിയ മുദ്രാവാക്യം ‘കാശി, മഥുര ബാക്കി ഹേ’ എന്നാണ്. അതായത്, അയോധ്യയിലെ ബാബ്റി പള്ളി തകർത്തു, ഇനി കാശിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദും തകർക്കാൻ ബാക്കിയുണ്ടെന്ന്. ആ മുദ്രാവാക്യം നടപ്പാക്കപ്പെടുകയാണ് ഇപ്പോൾ. ഇക്കഴിഞ്ഞ മെയ് 17നാണ് ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെടുത്തതായി ഹിന്ദുത്വ സംഘടനകൾ അവകാശപ്പെട്ടത്. അതിനെത്തുടർന്നുള്ള കോടതി വ്യവഹാരങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിന്റെ പിന്നാലെയാണ് മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സ്ഥല പരിശോധന നടത്താൻ തയ്യാറാണെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മഥുര ജില്ലാ കോടതിയിൽ അറിയിച്ചിരിക്കുന്നത്.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി. വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീങ്ങളെ ജയിലിലടക്കാവുന്ന സ്ഥിതി ഉണ്ടാക്കുന്നു. വിവാഹമോചനത്തിന്റെ പേരിൽ ജയിലിലാവേണ്ടിവരുന്ന മറ്റൊരു സമുദായം ഇന്ത്യയിലില്ല എന്ന് ഓർക്കണം. അതിനുമപ്പുറം കടന്ന് മുസ്ലീങ്ങളുടെ പൗരത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന സിഎഎ – എൻആർസി നടപ്പാക്കുന്നു. ബിൽകിസ് ബാനു കേസിലെ കുറ്റവാളികളെ വെറുതെ വിട്ടു, മാലയിട്ട് ആദരിച്ചു. കത്വ കേസിലെ പ്രതികൾക്കുവേണ്ടി റാലി സംഘടിപ്പിച്ചു. ഇതൊക്കെയാണ് മുസ്ലീങ്ങളോടുള്ള സംഘപരിവാറിന്റെ യഥാർത്ഥ സമീപനം.

ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന നടപടികൾ രാജ്യത്താകമാനം ഉണ്ടാകുന്നു. ക്രിസ്ത്യൻ പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു. കർണ്ണാടകത്തിലെ ചിക്കബല്ലാപൂരിൽ 150 വർഷത്തിലധികം പഴക്കമുള്ള സെന്റ് ജോസഫ് പള്ളി ആക്രമിച്ചത് 2021ലെ ക്രിസ്തുമസ് കാലയളവിലാണ്. ഇക്കഴിഞ്ഞ ക്രിസ്തുമസ് ഘട്ടത്തിലാകട്ടെ, ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികൾക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. അവരെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘപരിവാർ പ്രഖ്യാപിച്ചു കഴിഞ്ഞു.

ആരാധനാലയങ്ങൾ തകർക്കുകയും ബൈബിളുകൾ നശിപ്പിക്കുകയും ചെയ്ത സംഘങ്ങൾ വയോധികരെയും സ്ത്രീകളെയും കൊച്ചുകുട്ടികളെയുംപോലും വെറുതെവിട്ടില്ല. ബിജെപിയുടെ നേതാക്കൾ നേരിട്ട് ന്യൂനപക്ഷങ്ങൾക്കെതിരെ കലാപാഹ്വാനം നടത്തുന്ന നിലയിലേക്കുവരെ ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നു. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് ആവർത്തിക്കുന്ന ആക്രമണങ്ങളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത് അടുത്തിടെയാണ്. സംഘപരിവാറിനും രാജ്യത്തെ അധികാരികൾക്കും ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനത്തെ നിയമപരമായി വ്യവസ്ഥ ചെയ്യാൻ വരെ ശ്രമങ്ങൾ ഉണ്ടാവുന്നു.

എന്നാൽ ഭേദചിന്തകൾക്കതീതമായി എല്ലാവരും ഒരുമയോടെ മുന്നോട്ടുപോകണമെന്ന കാഴ്ചപ്പാടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുള്ളത്. സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാനും അങ്ങനെ നാടിന്റെയാകെ പുരോഗതി ഉറപ്പുവരുത്താനുമാണ് നമ്മൾ ശ്രമിക്കുന്നത്. അതാണ് നവകേരള സങ്കൽപത്തിന്റെ സാരാംശം. ഒരു മതവും മറ്റൊരു മതത്തിനു മുകളിലല്ലെന്നും ഒരു മതവും മറ്റൊരു മതത്തിനു താഴെയല്ലെന്നും ഉറപ്പുവരുത്തുന്ന തീർത്തും മതനിരപേക്ഷമായ നിലപാടാണ് ഈ സർക്കാരിനുള്ളത്.

എല്ലാവിഭാഗങ്ങളിൽപ്പെടുന്നവർക്കും മതമുള്ളവർക്കും മതമില്ലാത്തവർക്കും എല്ലാം പൗരന്മാർ എന്ന നിലയിൽ ഭരണഘടന ലഭ്യമാക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുന്ന സർക്കാരാണിവിടെയുള്ളത്. ഒരു മതവിഭാഗത്തിനെയും വിവേചനപരമായി കാണുകയോ ഒരു മതവിഭാഗത്തിനെതിരെയുമുള്ള അക്രമങ്ങൾ അനുവദിക്കുകയോ ചെയ്യാത്ത സർക്കാരാണിത്. അതുകൊണ്ടാണ് കഴിഞ്ഞ ആറര വർഷമായി ഒരു വർഗ്ഗീയ സംഘർഷവും ഉണ്ടാകാത്ത രാജ്യത്തെ ഏക സംസ്ഥാനമായി കേരളം നിലകൊള്ളുന്നത്. ഇത് മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവർക്കും ഉണ്ട്.