രാജ്ഭവനിലേക്ക് എൽഡിഎഫ് പ്രതിഷേധം; പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ


രാജ്ഭവനിലേക്ക് ഗവര്ണര്ക്കെതിരെ എൽഡിഎഫ് നടത്തിയ മാർച്ചിൽ പങ്കെടുത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കെതിരെ താൻ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്ഭവന് പരാതി ലഭിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതെന്നും ഇതുപോലെയുള്ള കാര്യങ്ങളിൽ തനിക്ക് വ്യക്തിപരമായ താല്പര്യമില്ലെന്നും ഗവർണർപറഞ്ഞു .
സംസ്ഥാനത്തെ സർവകലാശാല വിഷയത്തിലാണ് താൻ ശ്രദ്ധ ചെലുത്തുന്നത്. ഈ വിഷയത്തിൽ ഒരിക്കൽ നഷ്ടപ്പെട്ട പ്രതീക്ഷ സുപ്രീം കോടതി ഉത്തരവോടെ തനിക്ക് തിരികെ ലഭിച്ചു. സർവകലാശാലകളിൽ ചാൻസലറുടെ അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും അത് തുടർച്ചയായി ലംഘിക്കപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ രാജ് ഭവൻ മാർച്ചിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു. ഗവർണക്കെതിരെ എൽഡിഎഫിൻെറ നേതൃത്വത്തിൽ നടത്തിയ രാജ് ഭവനിൽ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നൽകിയത്.