കേരളത്തിൽ കെ റെയിൽ പ്രായോഗികമല്ല; സർക്കാർ പറഞ്ഞാൽ അതിവേഗ പാതയൊരുക്കാൻ തയ്യാർ: ഇ ശ്രീധരൻ

single-img
11 July 2023

കേരളത്തിൽ അതിവേഗ റെയിൽപാത ആവശ്യമാണെന്നും എന്നാൽ, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തുനിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താമെന്നും അദ്ദേഹം പറയുന്നു.

കേരളാ സർക്കാർ തയാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കാൻ താൻ ഒരുക്കമാണെന്നും ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കേരളാ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പൊന്നാനിയിലെത്തി ചർച്ച നടത്തി മടങ്ങിയ ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് ശ്രീധരന്റേതെന്ന പേരിൽ പ്രസ്താവന വന്നിരുന്നു. ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വിശദീകരണം.

ഇപ്പോഴുള്ള പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്‌നം. അതിനാവശ്യമായ ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. അതിനായി ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. രണ്ടുഭാഗത്തും ഉയരത്തിൽ മതിൽ കെട്ടി വേർതിരിക്കുന്നതിനാൽ പ്രാദേശിക യാത്രയെയും ചുറ്റുപാടിനെയും ഇത് ബാധിക്കും.

അതേപോലെ തന്നെ അലൈൻമെന്റിലും അപാകതയുണ്ട്. മൂവായിരത്തിലധികം പാലങ്ങൾ ആവശ്യമായി വരും . ഇതിനുള്ള ചെലവുകളൊന്നും കെ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്രയും തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്ന വേഗവും കുറവാണ്. കെ റെയിലിന് കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയുമില്ല.