അതിവേഗ റെയിൽപാത; വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

single-img
2 February 2026

കേരളത്തിനായി അതിവേഗ റെയിൽപാത പദ്ധതിയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഒഴിഞ്ഞുമാറി. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഇ ശ്രീധരൻ ഉന്നയിക്കുന്ന അവകാശവാദങ്ങളിൽ വസ്തുതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ചോദിച്ചെങ്കിലും മന്ത്രി പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.

മറ്റ് സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് ചോദ്യം ഉണ്ടോയെന്നായിരുന്നു അശ്വനി വൈഷ്ണവിന്റെ മറുപടി. അവർ ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ വീണ്ടും അതിവേഗ റെയിൽപാതയെക്കുറിച്ച് ചോദിച്ചെങ്കിലും അപ്പോഴും മന്ത്രി പ്രതികരിച്ചില്ല.

എന്നാൽ അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട ഒരൊറ്റ ചോദ്യത്തിന് മാത്രമാണ് മന്ത്രി മറുപടി നൽകിയത്. ഇ ശ്രീധരൻ ഡിപിആർ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി ഓഫീസ് തുറന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ അറിവോടെയാണോ എന്നായിരുന്നു ചോദ്യം.

ഇ ശ്രീധരൻ തന്നെ നേരിട്ട് കാണാൻ വന്നിരുന്നുവെന്നും കേരളത്തിലെ റെയിൽവേ മേഖലയെയും പാളങ്ങളെയും കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ഇ ശ്രീധരന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ നടത്തുന്ന നീക്കങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് മന്ത്രി വ്യക്തത വരുത്തിയില്ല.