അശാസ്ത്രീയ നിർമ്മാണം; വൈറ്റില മേൽപ്പാലം തല്ലിപ്പൊളിച്ച് നീക്കണം: മന്ത്രി കെ ബി ഗണേഷ് കുമാർ

വൈറ്റില മേൽപ്പാലത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്നും പാലം തല്ലിപ്പൊളിച്ച് നീക്കേണ്ട സാഹചര്യമുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുകളുണ്ടെന്നും, പാലത്തിന് താഴെ വാഹനങ്ങൾ തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു.
അശാസ്ത്രീയ നിർമാണത്തിലെ പിഴവുകൾ തിരുത്തുന്നതിനായി ഒന്നരക്കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. തെറ്റായ റോഡ് നിർമാണങ്ങളാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതെന്നും, റോഡ് നിർമാണത്തിലെ പ്ലാനിംഗ് കുറവ് മൂലം സംസ്ഥാനത്ത് ബ്ലാക്ക് സ്‌പോട്ടുകളുടെ എണ്ണം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി നിർമിക്കുന്ന റോഡുകളിൽ പോലും അഞ്ച് മുതൽ ആറുവരെ ബ്ലാക്ക് സ്‌പോട്ടുകൾ രൂപപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സിവിൽ എഞ്ചിനീയറിംഗ് പഠനങ്ങളിൽ റോഡ് ഡിസൈനിംഗും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ റോഡ് ഡിസൈനിംഗ് എവിടെയും കാര്യമായി പഠിപ്പിക്കുന്നില്ലെന്നും, ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.


