കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ നിയമസഭയിൽ പ്രമേയവുമായി മുഖ്യമന്ത്രി; പൂർണ്ണരൂപം വായിക്കാം

കേരളത്തോട് വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന വലിയ അവഗണനയില്‍ നിയമസഭയില്‍ ആശങ്കയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നതിന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു.
പ്രമേയത്തിന്റെ പൂർണരൂപം:
ലോകസമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ രാജ്യത്തിനു കെല്‍പ്പുണ്ടാവുന്നത് അതിലെ സംസ്ഥാനങ്ങളാകെ ഭദ്രവും വികസിതവും ഐശ്വര്യപൂര്‍ണവുമാവുമ്പോള്‍ മാത്രമാണ്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാനാവില്ല. ഭരണഘടന ത്രിതല ഭരണസംവിധാനത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചത് ഈ ഫെഡറല്‍ തത്വമാണ്.
എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങള്‍ പലതിനും യാതൊരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല എന്നത് കേരളസമൂഹത്തെ ഒന്നാകെ നിരാശപ്പെടുത്തുന്നതാണ്. അതിനപ്പുറം രാജ്യത്തിന്റെ അന്തസ്സിനെ ലോക സമൂഹ മദ്ധ്യത്തില്‍ ഇടിച്ചുതാഴ്ത്തുന്നതുമാണ്.
ലോകശ്രദ്ധയാകര്‍ഷിച്ച വികസന പരിപ്രേക്ഷ്യം മുന്നോട്ടുവച്ച് രാജ്യത്തിനും ആഗോളസമൂഹത്തിനും മുന്നില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ മുന്നോട്ടുവച്ച സംസ്ഥാനത്തോട് തുടര്‍ന്നുവരുന്ന അവഗണന ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ അവഹേളിക്കുന്നതാണ്. നമ്മുടെ ജനാധിപത്യത്തെ തന്നെ സംശയിക്കാന്‍ പലര്‍ക്കും പഴുതുനല്‍കുന്നതുമാണ്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്റെ തകര്‍ച്ച പൊതു തളര്‍ച്ചയ്ക്കാവും വഴിവെക്കുക. ഇതുകൊണ്ടാണ് പ്രദേശഭേദങ്ങള്‍ക്കതീതമായ സമീപനം ഭരണഘടന തന്നെ വ്യവസ്ഥ ചെയ്തത്. എന്നാല്‍ യൂണിയന്‍ സര്‍ക്കാരിന്റെ വാര്‍ഷിക പൊതു ബജറ്റ് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതലായി ഈ വ്യവസ്ഥയെ അട്ടിമറിക്കുന്നു.
കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ് സംസ്ഥാനത്തിന് ഒരു എയിംസ് വേണമെന്നുള്ളത്. ഇതിന് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ മിക്കവാറുമൊക്കെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. കേന്ദ്ര ബജറ്റിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തികഞ്ഞ മൗനമാണുള്ളത്. കേരളത്തിന് ഒരു എയിംസ് അടിയന്തരമായി അനുവദിക്കണമെന്ന് ഈ സഭ ഏകകണ്ഠമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.


