സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ അപമാനിക്കുന്നു; ജോൺ ബ്രിട്ടാസിന്റെ രാജ്യസഭാ പ്രസംഗം വൈറൽ

സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ അപമാനിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പരിഹസിച്ചു. എയിംസ് ലഭിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനങ്ങൾക്കും, ടൂറിസം സർക്യൂട്ട് നൽകുമെന്ന വാഗ്ദാനങ്ങൾക്കും കേന്ദ്ര സർക്കാർ യാഥാർഥ്യമാക്കുന്നില്ലെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി. ഇങ്ങനെ ഒരു എംപിയെ തുടർച്ചയായി അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
സദാനന്ദൻ മാസ്റ്റർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഉലേഖ് എൻ. പിയുടെ പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. സദാനന്ദൻ മാസ്റ്ററുടെ ബന്ധുവായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ മട്ടന്നൂർ ബസ് സ്റ്റാൻഡിന് സമീപം ആക്രമിക്കാൻ വഴിയൊരുക്കിയതാണ് സംഭവത്തിന്റെ പശ്ചാത്തലമെന്നും, ആർഎസ്എസ് ആക്രമണങ്ങളിൽ 218 സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യ–യുഎസ് വ്യാപാര കരാറിന്റെ വിശദാംശങ്ങൾ വിശദീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും ബ്രിട്ടാസ് വിമർശിച്ചു. എന്താണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങളോട് സർക്കാർ തുറന്നുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക നയം അമേരിക്കൻ പ്രസിഡന്റ് നിശ്ചയിക്കുന്നതുപോലുള്ള സാഹചര്യമാണിപ്പോൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിക്കൊണ്ട്, ഇന്ത്യയിൽ രാത്രി ആയിരുന്ന സമയത്ത് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞു. ഇതുവരെ നടന്നത് ദൗർഭാഗ്യകരമാണെന്നും, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഡൊണാൾഡ് ട്രംപ് അല്ലെന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയമാണിതെന്നും ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു.


