ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ; കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് പ്രഖ്യാപനം

ആഗോള എണ്ണവിപണിയുടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ(ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ‘ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഐആർജിസിയുടെയും നാവിക സേനയിലെയും ഹീറോകൾ അവരെ നിലംപരിശാക്കും’ എന്നാണ് ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി പറഞ്ഞത്.
ഇറാനിൽനിന്നും ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ജബാരിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ‘ഞങ്ങൾ ഓയിൽ പൈപ്പ് ലൈനുകളെയും ആക്രമിക്കും, ഒരു തുള്ളി എണ്ണ പോലും ഈ മേഖല വിട്ട് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും. ഈ മേഖലയിലെ എണ്ണയെ മാത്രം ആശ്രയിച്ച് ശതകോടിക്കണക്കിന് ഡോളറിന്‍റെ കടം അമേരിക്കയ്ക്കുണ്ട്. എന്നാൽ ഒരു തുള്ളി എണ്ണ അവരിലേക്ക് ഇനി എത്തില്ല’ എന്നാണ് ജബാരിയുടെ പ്രസ്താവന.


