ലെബനനിലെ ഇസ്രയേൽ ആക്രമണം; ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു

single-img
20 June 2026

ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധമായിട്ടാണ് നടപടിയെന്നാണ് ഇറാൻ വിശദീകരിക്കുന്നത്.

ഇസ്രയേലിനോട് ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസ് നിർദേശിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. അമേരിക്കയുമായി സമാധാനക്കരാർ ഒപ്പുവച്ച് ദിവസങ്ങൾക്കകമാണ് വീണ്ടും പശ്ചിമേഷ്യയിൽ അശാന്തി ഉടലെടുക്കുന്നത്.

ഇസ്രയേലും യുഎസും വെടിനിർത്തൽ ലംഘിച്ചതിൽ പ്രതിഷേധിച്ച് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിർത്തിവയ്ക്കുകയാണെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡായ ഖാതം അൽ അൻബിയ സെൻട്രൽ ആസ്ഥാനത്തെ ഉദ്ധരിച്ച് ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ പ്രകോപനം തുടർന്നാൽ കടുത്ത നടപടി തീരുമാനിക്കുമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.

ലബനനിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ച് നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും 16 പേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ നബാതിയ മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും തുടർച്ചയായി ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ആക്രമണങ്ങളിൽ കെട്ടിടങ്ങളും വീടുകളും തകർന്നു. നബാതിയയിലും മറ്റും ഇസ്രയേൽ പീരങ്കി ആക്രമണം നടത്തിയെന്നും ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.