മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവസാനിച്ചു; മന്നം ജയന്തിക്ക് ക്ഷണിച്ചതായി സുകുമാരൻ നായർ

single-img
13 November 2026

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പൂർണമായും അവസാനിച്ചതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ മന്നം ജയന്തി ആഘോഷങ്ങളിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം അനുകൂലമായി പ്രതികരിച്ചെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

മുൻപ് നടത്തിയ പരാമർശങ്ങളുടെ സാഹചര്യം മുഖ്യമന്ത്രി ബോധ്യപ്പെടുത്തിയതോടെ ഇരുവരും തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിച്ചെന്നും പരസ്പരം നടത്തിയ പ്രസ്താവനകൾ മറന്നെന്നും അദ്ദേഹം പറഞ്ഞു. ഇനി മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ മുന്നോട്ടുപോകുമെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ സുകുമാരൻ നായർ വ്യക്തമാക്കി.

എൻ.എസ്.എസ് ആർക്കും അമിതമായി വിധേയപ്പെടുന്ന സംഘടനയല്ലെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് മുന്നിൽ നിലവിൽ പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണമെന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ വിഷയത്തിൽ സർക്കാർ കൂടുതൽ നയപരമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സമരപ്പന്തൽ പൊളിച്ചുനീക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും സുകുമാരൻ നായർ വിമർശിച്ചു.