ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ മരിച്ചു

single-img
3 October 2022

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസ്സുള്ള കുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. സെപ്റ്റംബർ 23 ന് പുലർച്ചെ 4:30 ഓടെയാണ് ഇവി ബാറ്ററി പൊട്ടിച്ചെറിച്ചത്‌. 70 ശതമാനത്തിലധികം പൊള്ളലേറ്റ ഷബീർ അൻസാരി ഇന്ന് രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്.

സ്‌ഫോടനം നടക്കുമ്പോൾ അൻസാരിയും മുത്തശ്ശിയും ഹാളിൽ ഉറങ്ങുകയായിരുന്നു. ചാർജ് ചെയ്യുന്നതിനിടെ 24 Ah ലിഥിയം ഫെറോ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. അമിതമായി ചൂടായതിനെ തുടർന്നാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

2022-ന്റെ തുടക്കം മുതൽ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി തീപിടുത്തത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ആന്ധ്രാപ്രദേശിൽ ഒരു ഇവി തീപിടുത്തമുണ്ടായി, അവിടെ ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ബാറ്ററി ഒരു വീട്ടിൽ പൊട്ടിത്തെറിക്കുകയും ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.