ബലാത്സംഗ കേസിൽ എല്‍ദോസ് കുന്നപ്പിള്ളിക്കു ആശ്വാസം; ജാമ്യം ശരിവെച്ച് ഹൈക്കോടതി

single-img
2 December 2022

ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യം റദ്ദാക്കില്ല. ഇത് സംബന്ധിച്ച് സർക്കാരും പരാതിക്കാരിയും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹര്‍ജികള്‍ തള്ളിയത്. കോവളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 20ന് തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യം നൽകിയത്.

പീഡനം നടന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകിയത് ശരിയായില്ലെന്നുമായിരുന്നു സർക്കാരിന്റെയും പരാതിക്കാരുടെയും വാദം. എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വാദിച്ചു. മാത്രമല്ല എംഎൽഎയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഒറ്റ വാക്കിലാണ് കോടതി വിധി പ്രസ്താവിച്ചത്.

സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. കോവളത്തെ സ്വകാര്യ റിസോർട്ടിലും കളമശേരിയിലെ ഫ്ലാറ്റിലും തിരുവനന്തപുരം പേട്ടയിലെ വസതിയിലും യുവതിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് എൽദോസിനെതിരായ പരാതി. കോവളത്തെ റെസ്റ്റ് ഹൗസിൽ ഒപ്പം താമസിക്കാൻ തയ്യാറാകാത്തതിന് ക്രൂരമായി മർദിച്ചെന്നും കാറിൽ സൂയിസൈഡ് പോയിന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.