ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനയുടെ പ്രകടനം പോലെ ഇടതു മുന്നണി തിരിച്ചുവരും: എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുകാർ ആരായാലും പാർട്ടിയുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. വിഷയത്തിൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങില്ലെന്നും പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പോറ്റി നടത്തിയ പരാമർശത്തെ രൂക്ഷമായി വിമർശിച്ച എം.എ. ബേബി, അതിനെ ഒരു പാരഡിയായി കാണാനാകില്ലെന്നും, മ്ലേച്ഛമായ പരാമർശമായാണ് അതിനെ വിലയിരുത്തുന്നതെന്നും പറഞ്ഞു. സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടേണ്ട സാഹചര്യമില്ലെന്നും, എന്നാൽ പോറ്റി എങ്ങനെ ആ വിഷയത്തിലേക്ക് എത്തിയെന്നും അദ്ദേഹത്തിന് അവിടെ എത്താനായത് എങ്ങനെയെന്നും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ബേബി വ്യക്തമാക്കി.
വെള്ളാപ്പള്ളി നടത്തിയ വർഗീയ പരാമർശങ്ങളെ കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. സമൂഹത്തിൽ വിഭജനമുണ്ടാക്കുന്ന ഇത്തരം പരാമർശങ്ങൾ പൂർണമായും അസ്വീകാര്യമാണെന്നും, അത്തരം നിലപാടുകളെ സിപിഎം വ്യക്തമായി തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട തിരിച്ചടിയെ ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനയുടെ പ്രകടനത്തോട് ഉപമിച്ച എം.എ. ബേബി, ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്റീനയെ ലോകം മുഴുവൻ വിമർശിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ പിന്നീട് അവർ ലോകകപ്പ് നേടിക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയതുപോലെ, ഇടതുമുന്നണിയും വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ ശക്തമായി തിരിച്ചുവരുമെന്നും എം.എ. ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


