വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; പാലക്കാട് ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

single-img
4 January 2026

പാലക്കാട് ആലത്തൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ആലത്തൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ ഷെഡിൽ താമസിച്ചിരുന്ന 65-കാരിയായ വയോധികയാണ് ആക്രമിക്കപ്പെട്ടത്. പ്രതി പരസ്യമായി മദ്യപിച്ച ശേഷമാണ് വീട്ടിൽ കയറിയതെന്ന് പോലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ ഇയാൾ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും, പ്രതിരോധിച്ചതിനെ തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.

വയോധികയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിച്ചേരുന്നതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്.

വയോധികയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ്, ഇതേ പ്രതിയും സംഘവും പാടൂർ അങ്ങാടിയിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചതായും പോലീസ് അറിയിച്ചു. പരസ്യമായി മദ്യപിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇയാൾക്കെതിരെ മറ്റൊരു കേസ് കൂടി നിലവിലുണ്ട്.