കാഞ്ഞിരപ്പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ മകൾ വരുമോ; മറിയം ഉമ്മനെ പരിഗണിക്കണമെന്ന് കോട്ടയം ഡിസിസി

single-img
7 January 2026

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി രംഗത്തെത്തിയേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മനെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന ആവശ്യവുമായി കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. മറിയം ഉമ്മന്‍ മത്സരിച്ചാല്‍ കാഞ്ഞിരപ്പള്ളിയില്‍ വിജയം ഉറപ്പാണെന്നും ഡിസിസി നേതൃത്വം കെപിസിസിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കാഞ്ഞിരപ്പള്ളി ലഭിക്കാത്ത പക്ഷം ചെങ്ങന്നൂര്‍ അല്ലെങ്കില്‍ ആറന്മുള മണ്ഡലങ്ങളിലൊന്നില്‍ മറിയം ഉമ്മന് സീറ്റ് നല്‍കണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ രാഷ്ട്രീയ പാരമ്പര്യവും ജനപ്രീതിയും മുന്നില്‍ കണ്ട് മറിയം ഉമ്മനെ രംഗത്തിറക്കണമെന്നതാണ് ഡിസിസിയുടെ നിലപാട്.

അതേസമയം, സഹോദരികളായ അച്ചു ഉമ്മനും മറിയം ഉമ്മനും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പേരുകള്‍ ചര്‍ച്ചകളില്‍ ഉയരുന്നുണ്ടെങ്കിലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഇരുവരും തന്നെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അച്ചു ഉമ്മന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും, പുതുപ്പള്ളിയില്‍ ആരാണ് ഉചിതമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.