ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം അനിവാര്യം; ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം; പ്രധാനമന്ത്രി
ഇന്ന് ദേശീയ ഏകതാ ദിനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംഘപരിവാർ ആവശ്യം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏകതാ ദിന ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പട്ടേലിന്റെ ജന്മ ദിനം ആഘോഷത്തിന്റെ ഭാഗമായാണ് ഒക്ടോബര്‍ 31 രാജ്യം ഏകതാദിനമായി ആചരിക്കുന്നത്.
‘ഈ ദേശീയ ഏകതാ ദിനം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദേശം നല്‍കുന്ന ദിവസമാണ്. നമ്മുടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം അനിവാര്യമാണ്. ഒരു രാജ്യം എന്ന നിലയില്‍ ഒരു സിവില്‍ കോഡും അനിവാര്യമാണ്. സമൂഹത്തിലെ ഭിന്നത ഇല്ലാതാക്കാന്‍ ഏകീകൃത സിവില്‍ കോഡ് ആവശ്യമാണ്’, അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം, രാജ്യത്തിന്റെ സമാധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് ശക്തമായി തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകരതയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാടിന്റെ ഭാഗമായി മുഖ്യധാരയിലേക്ക് വരാന്‍ വിവിധ വിഭാഗങ്ങള്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ തുടച്ചുനീക്കുമെന്നും നക്‌സല്‍ പ്രസ്ഥാനം രാജ്യത്ത് അന്ത്യശ്വാസം വലിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.