മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്ത്; വായിക്കാം

single-img
24 October 2022
  1. ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാമെന്ന് ഗവർണർ കരുതരുത്. ഇത് അനുവദിച്ച് നൽകാൻ കഴിയില്ല. നോട്ടീസ് നൽകാതെയും വൈസ് ചാൻസലർമാരുടെ ഭാഗം കേൾക്കാതെയും എടുത്ത തീരുമാനം ഭരണഘടനാ വിരുദ്ധം.
  2. യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് വൈസ് ചാൻസലർമാരുടെ നിയമനം എന്നാണ് ഗവർണർ പറയുന്നത്. ഗവർണർ ആണ് നിയമന അധികാരി. വിസി നിയമനം ചട്ട വിരുദ്ധം എങ്കിൽ പ്രാഥമിക ഉത്തരവാദിത്തം ഗവർണർക്ക് ആണ്.
  3. വൈസ് ചാൻസലർ നിയമനത്തിലെ നടപടിക്രമം സംബന്ധിച്ച പ്രശ്നം മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്. ഹൈക്കോടതി വിധിയിൽ പറഞ്ഞതല്ല സുപ്രീം കോടതി പറഞ്ഞത്.
  4. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി അന്തിമ വിധിയല്ല. നിയമപരമായ പരിശോധനകൾക്ക് ഇനിയും അവസരമുണ്ട്.
  5. ഒൻപത് വൈസ് ചാൻസലർമാരെ നീക്കം ചെയ്യാനുള്ള നടപടിയിൽ സ്വാഭാവിക നീതിയുടെ ലംഘനം ഉണ്ട്. വൈസ് ചാൻസലർ മാരുടെ ഭാഗം ചാൻസലർ കേട്ടില്ല.
  6. സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം, വൈസ് ചാൻസലർ പാനലിലെ പേരുകളുടെ എണ്ണം എന്നിവ അതത് സർവകലാശാല നിയമങ്ങൾ അനുസരിച്ചാണ് തീരുമാനിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്റ്റേറ്റ് സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമന പ്രക്രിയ അതത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്.
  7. സർക്കാരിൻ്റെ പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിൽ ഉണ്ടാകും. കർണാടകയിലെ ഒരു സ്റ്റേറ്റ് സർവകലാശാലയിൽ സെർച്ച് കമ്മിറ്റിയെ നിയമിക്കുന്നത് തന്നെ സർക്കാരാണ്.
  8. സുപ്രീം കോടതി വിധി സാങ്കേതിക സർവകലാശാല വിസിക്ക് മാത്രം ബാധകം. മറ്റ് സർവകലാശാല വൈസ് ചാൻസലർമാർക്ക് ബാധകമല്ല. മറ്റ് വിസിമാർക്ക് എതിരെ വിധി നിലവിലില്ല. മറ്റുള്ളവർക്കും വിധി ബാധകം ആക്കാൻ കഴിയില്ല. വൈസ് ചാൻസലർമാർക്ക് സുപ്രീം കോടതി അയോഗ്യത കൽപ്പിച്ചിട്ടില്ല.
  9. വിസിയെ നീക്കം ചെയ്യുന്നതിനുള്ള കാരണം, നടപടിക്രമം എന്നിവ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഫണ്ട് ദുരുപയോഗം, മോശം ഇട പെടൽ തുടങ്ങിയവയാണ് കാരണങ്ങൾ. സർവകലാശാല വൈസ് ചാൻസലർ മാർക്ക് എതിരായ ആക്ഷേപം ഉയർന്നിട്ടുണ്ട് എങ്കിൽ അത് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണം. ആക്ഷേപം തെളിഞ്ഞാൽ മാത്രമാണ് നടപടി. വിസിയെ നീക്കാൻ ചാൻസലർക്ക് അധികാരമില്ല. രാജി വയ്ക്കാൻ ആവശ്യപ്പെടാനോ, പുറത്താക്കാനോ കഴിയില്ല.
  10. നിയമ നിർമ്മാണ സഭ പാസാക്കുന്ന ബില്ലുകൾ ജുഡീഷ്യറി പരിശോധിക്കും. നിയമം നിലനിൽക്കുന്നത് ആണോ എന്ന് പരിശോധിക്കാൻ ഗവർണർക്ക് അധികാരമില്ല. എന്നാൽ ഗവർണർ അങ്ങനെ അല്ല കരുതുന്നത്. ഭരണഘടനയുടെ എല്ലാ മൂല്യങ്ങൾക്കും എതിരാണ് ഗവർണർ സ്വീകരിക്കുന്ന നിലപാട്.
  11. സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകാൻ ചാൻസലർക്ക് അധികാരമില്ല. പൊലീസിന് മേലുള്ള നിയന്ത്രണം സംസ്ഥാന സർക്കാരിനാണ്. ആ അധികാരങ്ങളിൽ ഇടപെടാൻ ചാൻസലർക്ക് അധികാരമില്ല.
  12. ജനാധിപത്യ ഭരണകൂടത്തിന് മുകളിൽ അല്ല നോമിനേറ്റ് ചെയ്യപ്പെട്ട് നേടിയ അധികാരം.