രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വരുന്ന കാലം വിദൂരമല്ല: നിതിൻ നബിൻ

കേരളം മാറിമാറി ഭരിച്ച എൽഡിഎഫും യുഡിഎഫും ചേർന്ന് മനോഹരമായ ഈ സംസ്ഥാനത്തെ നശിപ്പിക്കുകയാണ് ചെയ്തതെന്ന് ബിജെപി ദേശീയ നേതാവ് നിതിൻ നബിൻ ആരോപിച്ചു. അങ്കമാലിയിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി വികസനത്തെ തടസ്സപ്പെടുത്തുന്ന ഇരുമുന്നണികളും അഴിമതിയിലും പ്രീണന രാഷ്ട്രീയത്തിലുമാണ് മുഴുകിയിരിക്കുന്നത്. കേരളത്തിലെ യുവാക്കളുടെ കഴിവ് വികസനത്തിനായി ഉപയോഗിക്കാൻ ഈ മുന്നണികൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇരുമുന്നണികളും സനാതന ധർമ്മ വിരുദ്ധരായി മാറിയിരിക്കുകയാണെന്ന് നിതിൻ നബിൻ പറഞ്ഞു. യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായും മുസ്ലീം ലീഗുമായും ചേർന്നാണ് പ്രവർത്തിക്കുന്നത്. രാമായണം വായിക്കുന്നത് തടയുന്ന നിലപാടാണ് കോൺഗ്രസിന്റേത്. ഇടതുപക്ഷം ശബരിമലയിലെ വിശ്വാസത്തെപ്പോലും തകർക്കാൻ ശ്രമിച്ചു. സനാതന ധർമ്മത്തെ അവഹേളിക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷികളാണ് ഇവർ. അയ്യപ്പഭക്തരെ ദ്രവിച്ച ഇരുമുന്നണികളെയും കേരളത്തിലെ വിശ്വാസികൾ വെറുതെ വിടില്ലെന്നും ബിജെപി വിശ്വാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് നരേന്ദ്ര മോദി സർക്കാർ തീവ്രവാദത്തിന് തടയിട്ടപ്പോൾ കേരളം അവർക്ക് വളരാനുള്ള മണ്ണൊരുക്കുകയായിരുന്നു. തൊഴിലിനും പഠനത്തിനുമായി ലക്ഷക്കണക്കിന് യുവാക്കൾ കേരളം വിട്ടുപോകാൻ കാരണം ഇവിടുത്തെ ഭരണാധികാരികളുടെ പരാജയമാണ്. ഒരു കാലത്ത് വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്ന കേരളത്തെ ഇവർ തകർത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പോലും സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെന്നും നിതിൻ നബിൻ ആരോപിച്ചു.
കേന്ദ്ര സർക്കാർ കേരളത്തിനായി നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾ, റെയിൽ കോറിഡോർ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ രാജ്യം മുന്നേറുകയാണ്. യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഇന്ത്യ ഒപ്പിട്ട കരാറുകൾ കർഷകർക്കും തൊഴിലാളികൾക്കും ഏറെ ഗുണം ചെയ്യും. ഈ വികസന കുതിപ്പിൽ കേരളവും പങ്കാളിയാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിജെപി പ്രവർത്തകരുടെ പോരാട്ടവീര്യത്തെ നിതിൻ നബിൻ അഭിനന്ദിച്ചു. രാഷ്ട്രീയ പ്രവർത്തനം ഒരു മാരത്തോൺ പോലെയാണെന്നും കേരളത്തിലെ പ്രവർത്തകരുടെ ആത്മാർത്ഥത രാജ്യം മുഴുവൻ ആദരവോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇടതുഭരണം അവസാനിപ്പിച്ച് ബിജെപിക്ക് മുന്നേറാൻ സാധിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വരുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


