സമ്മതവുമായി സർവീസ് സംഘടനകൾ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ ധാരണ

single-img
6 February 2026

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കുന്നതിന് സർവീസ് സംഘടനകൾ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട്. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് പ്രതിപക്ഷ സംഘടനകളടക്കം ഇക്കാര്യത്തിൽ ഏകോപനം ഉണ്ടായത്.

എന്നാൽ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നതിനൊപ്പം നിലവിലുള്ള അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കരുതെന്ന ആവശ്യം എല്ലാ സംഘടനകളും മുന്നോട്ടുവച്ചു.ശമ്പള പരിഷ്കരണ കമ്മീഷനും ഭരണപരിഷ്കരണ കമ്മീഷനും നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിഷയത്തിൽ ആലോചന നടത്തുന്നത്.

പൊതുഅവധി ദിനങ്ങളും കാഷ്വൽ ലീവുകളും പുനഃക്രമീകരിക്കുന്നതും പരിഗണനയിലാണ്. നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള പ്രവൃത്തി സമയം 9.30 മുതൽ 5.30 വരെ ആക്കുന്നതും ചർച്ചയിലുണ്ട്. പ്രവൃത്തി സമയം വർധിപ്പിക്കുന്നതിൽ സംഘടനകൾക്ക് എതിർപ്പില്ലെങ്കിലും അവധി വെട്ടിക്കുറയ്ക്കരുതെന്ന നിലപാടിലാണ് അവ തുടരുന്നത്.