അമേരിക്കൻ മണ്ണിൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്; വാഷിംഗ്ടണിൽ സുരക്ഷ ശക്തമാക്കി

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. വാഷിംഗ്ടൺ ഡിസിയിൽ റേഡിയോ ആക്ടീവ് വികിരണങ്ങളുള്ള ‘ഡേർട്ടി ബോംബ്’ ഉപയോഗിച്ചോ രാസായുധങ്ങൾ ഉപയോഗിച്ചോ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരങ്ങൾ പുറത്തുവന്നെന്നാണ് റിപ്പോർട്ട്. എന്നാൽ അമേരിക്കയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന വിശ്വസനീയമായ തെളിവുകളൊന്നും നിലവിലില്ലെന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. എല്ലാ ഭീഷണികളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഭീഷണികളെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ അതീവ സുരക്ഷയുള്ള സൈനിക വസതിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഭീഷണിയെക്കുറിച്ച് ഏഴ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഉടനടി ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി സ്ഥിരീകരണമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കൻ സൈനിക താവളങ്ങളെ പിന്തുണയ്ക്കുന്ന യൂറോപ്പിലെ 15 കേന്ദ്രങ്ങൾ ആക്രമണ ലക്ഷ്യങ്ങളായി ഇറാൻ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികർക്കെതിരെ രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് സുരക്ഷാ ഉപകരണങ്ങൾ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.
അതേസമയം, ഇറാൻ ഉയർത്തുന്ന ഭീഷണികൾ അതിരുകടന്നതാണെന്നും അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങൾ ജാഗ്രതയിലാണെന്നും ഭരണകൂടം വ്യക്തമാക്കുന്നു. ഇറാന്റെ കൈവശമുള്ള ആണവസാമഗ്രികൾ, മിസൈൽ ശേഷി, റഷ്യയുമായുള്ള സൈനിക സഹകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശക്തമാണ്. എന്നാൽ അമേരിക്കൻ മണ്ണിൽ ഡേർട്ടി ബോംബ് ആക്രമണം നടത്താനുള്ള ഇറാന്റെ പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ഇതുവരെ സ്വതന്ത്ര സ്ഥിരീകരണമില്ല.


