ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹത്തിലെ അതിഥികളിലെ ലളിത് മോദിയുടെ സാന്നിധ്യം ചര്‍ച്ചയാക്കി പ്രതിപക്ഷം

single-img
6 September 2023

ലണ്ടന്‍: അറിയപ്പെടുന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹത്തിലെ അതിഥികളിലെ ലളിത് മോദിയുടെ സാന്നിധ്യം ചര്‍ച്ചയാക്കി പ്രതിപക്ഷം. ഞായറാഴ്ച നടന്ന വിവാഹത്തില്‍ നിത അംബാനി, ലക്ഷ്മി മിത്തല്‍, ലളിത് മോദി, ഉജ്ജ്വല റൌത്ത് അടക്കം പ്രമുഖരുടെ വന്‍ നിരയാണ് പങ്കെടുത്തത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായുള്ള ഉന്നത തല കമ്മിറ്റിയിലെ അംഗമായ ഹരീഷ് സാല്‍വെയുടെ വിവാഹത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായി നാട് വിട്ട ലളിത് മോദി പങ്കെടുത്തത്. ശിവസേന, കോണ്‍ഗ്രസ്, എഎപിയുമാണ് കേന്ദ്രത്തിനെതിരെ സാല്‍വെയുടെ വിവാഹം ആയുധമാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയവര്‍ അടക്കമാണ് സാല്‍വെയുടെ വിവാഹത്തില്‍ പങ്കെടുത്തിരിക്കുന്നത്. ആര് ആരെയാണ് സംരക്ഷിക്കുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയത്തിന്റെ കാര്യമില്ലല്ലോയെന്നാണ് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി സമീഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.

നിരവ് മോദി, ലളിത് മോദി എന്നിവരെ കള്ളന്മാരെന്ന് വിളിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. ഇതിനെ കോടതിയില്‍ ന്യായീകരിച്ചത് ഹരീഷ് സാല്‍വെയായിരുന്നു. അടുത്തിടെ മോദി സര്‍ക്കാര്‍ രൂപം കൊടുത്ത ഉന്നത തല കമ്മിറ്റിയിലും ഇടം നേടിയ ഹരീഷ് സാല്‍വെ ലളിത് മോദിയേപ്പോലും പിടികിട്ടാപ്പുള്ളിക്കൊപ്പമാണ് ആഘോഷിക്കുന്നതെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിതേഷ് ഷാ വിമര്‍ശിച്ചത്.പ്രധാനമന്ത്രിയുടെ പേരിലുള്ള കളങ്കമാണ് ചടങ്ങിലെ ലളിത് മോദിയുടെ സാന്നിധ്യമെന്നാണ് എഎപി പ്രതികരിച്ചത്.

സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ബിസിസിഐയില്‍ നിന്ന് 2010 ഐപിഎല്ലിന് ശേഷമാണ് ലളിത് മോദിയെ സസ്പെന്‍ഡ് ചെയ്തത്. 753 കോടി രൂപയുടെ തിരിമറിയാണ് ലളിത് മോദി നടത്തിയത്. 2010 മെയ് മാസമാണ് ലളിത് മോദി ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞത്. ഇഡി കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹം. അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

ബ്രിട്ടീഷുകാരിയായ ട്രിനയാണ് വധു. 2020ലാണ് മീനാക്ഷി സാല്‍വെയുമായി ഹരീഷ് സാല്‍വെ വിവാഹ മോചനം നേടിയത്. 38 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. ഈ ബന്ധത്തില്‍ സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളാണ് ഹരീഷ് സാല്‍വെയ്ക്കുള്ളത്. കുല്‍ഭൂഷന്‍ ജാദവ് കേസ് അടക്കം രാജ്യത്തെ നിരവധി സുപ്രധാന കേസുകളില്‍ സുപ്രീം കോടതിയില്‍ ഹാജരായിട്ടുള്ള അഭിഭാഷകന്‍ കൂടിയാണ് 68കാരനാണ് ഹരീഷ് സാല്‍വെ. 1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു ഹരീഷ് സാല്‍വെ. ജനുവരിയില്‍ ഇംഗ്ലണ്ടിലെ ക്വീന്‍സ് കൌണ്‍സെല്‍ ഫോര്‍ ദി കോര്‍ട്ട്സ് ഓഫ് വെയില്‍സിലും ഹരീഷ് സാല്‍വെ നിയമിതനായിരുന്നു.

നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദമെടുത്ത ഹരീഷ് സാല്‍വെ സോളിസിറ്റര്‍ ജനറല്‍ ആകുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. മീനാക്ഷി സാല്‍വെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാല്‍വെയുടെ മുന്‍ ഭാര്യമാര്‍. 2020ലാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാല്‍വെ വിവാഹം ചെയ്തത്.