ഇടതുമുന്നണി ഇനി ഓടുന്ന വഴിയിൽ പുല്ലുപോലും മുളയ്ക്കില്ല; ഭരണവിരുദ്ധ വികാരം അത്രത്തോളം ശക്തം: വിഡി സതീശൻ

single-img
12 January 2026

കേരളാ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കാൻ സർക്കാരിനെ വെല്ലുവിളിച്ച അദ്ദേഹം, സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും കബളിപ്പിച്ച ചരിത്രമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരങ്ങൾ വെറും പ്രഹസനമാണെന്ന് സതീശൻ പരിഹസിച്ചു. ഡൽഹിയിൽ പോയാൽ അമിത് ഷായ്ക്കും മോദിക്കും മുന്നിൽ വണങ്ങി നിൽക്കുകയും അവർ പറയുന്നിടത്തെല്ലാം ഒപ്പിടുകയും ചെയ്യുന്ന മുഖ്യമന്ത്രി, കേരളത്തിൽ വന്ന് സമരം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. ‘പിഎം ശ്രീ’ പദ്ധതിയിൽ രഹസ്യമായി ഒപ്പുവെച്ച് സ്വന്തം ക്യാബിനറ്റിനെപ്പോലും മുഖ്യമന്ത്രി ഇരുട്ടിൽ നിർത്തിയെന്നും സതീശൻ ആരോപിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റുകൾ നേടുമെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഇടതുമുന്നണി ഇനി ഓടുന്ന വഴിയിൽ പുല്ലുപോലും മുളയ്ക്കില്ലെന്നും ഭരണവിരുദ്ധ വികാരം അത്രത്തോളം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. തകർന്നടിഞ്ഞ ആരോഗ്യമേഖലയെ വെന്റിലേറ്ററിൽ നിന്ന് മോചിപ്പിക്കാൻ യുഡിഎഫിന് വ്യക്തമായ പദ്ധതിയപണ്ടെന്നും ജനങ്ങൾ യുഡിഎഫിനെ രക്ഷകരായാണ് കാണുന്നതെന്നും സതീശൻ അവകാശപ്പെട്ടു.

ഇടത് സർവീസ് സംഘടനകളിൽ നിന്നായിരിക്കും ഇത്തവണ യുഡിഎഫിന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുകയെന്നും വാഴ്ത്തുപാട്ടുകാരായ നേതാക്കളുടെ വോട്ട് തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.