നിർഭാഗ്യവശാൽ ചില വിഭാഗങ്ങൾ കേരളത്തിന് വേണ്ടി കേന്ദ്രത്തിനെതിരെ ശബ്ദം ഉയർത്താൻ തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേരളം വികസനപാതയിൽ മുന്നേറുമ്പോൾ അത് തടസ്സപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും, സംസ്ഥാനത്തിന് അർഹമായ അവകാശങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനർഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിനിടെയാണ് പിണറായി വിജയന്റെ പ്രതികരണം. കേരളത്തിന് അർഹതപ്പെട്ടത് നിഷേധിക്കരുതെന്നതാണ് സംസ്ഥാനത്തിന്റെ ഏക ആവശ്യമെന്നും, അനാവശ്യ ആവശ്യങ്ങൾ ഒന്നും ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ കേരളത്തിന്റെ താൽപ്പര്യം ഉള്ള എല്ലാവരും ഒരുമിച്ച് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് നിരവധി തിക്താനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും, എന്നാൽ ചില വിഭാഗങ്ങൾ കേരളത്തിനുവേണ്ടി സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തോട് ബിജെപിക്കും കേന്ദ്രസർക്കാരിനും പ്രതികാര മനോഭാവമാണ് കാണിക്കുന്നതെന്നും, കേന്ദ്ര സർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോൾ സംസ്ഥാനത്തെ ബിജെപി നേതൃത്വം അതിന് ഒപ്പം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം കൈവശമുള്ള അധികാരം അമിതാധികാരമാണെന്ന ധാരണയാണ് കേന്ദ്രത്തിലെ ഭരണാധികാരികൾക്ക് ഉള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


