രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: അതിജീവിതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടന്ന സത്യാഗ്രഹ സമരവേദിയിലാണ് സംഭവം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലെ വരിയുള്‍പ്പെടുത്തിയ കപ്പ് കൈവശം വെച്ചാണ് മുഖ്യമന്ത്രി സത്യാഗ്രഹ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ‘Love you to moon and back’ എന്ന വാചകമാണ് കപ്പില്‍ അച്ചടിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിതയാണ് അറസ്റ്റിന് പിന്നാലെ വികാരനിര്‍ഭരമായ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത്. ദൈവത്തിന് നന്ദിയെന്നും, വേദനകളും വഞ്ചനകളും നിറഞ്ഞ സാഹചര്യത്തില്‍ ദൈവം തന്നെ കൈവിട്ടില്ലെന്നുമാണ് യുവതി കുറിച്ചത്. ഇരുട്ടില്‍ നടന്ന കാര്യങ്ങള്‍ ദൈവം കണ്ടുവെന്നും, ലോകം കേള്‍ക്കാതെ പോയ നിലവിളികള്‍ ദൈവം കേട്ടുവെന്നും അവര്‍ പറഞ്ഞു. ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് വേര്‍പെടുത്തിയപ്പോഴും ദൈവം തുണയായിരുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പിന്റെ ഭാഗമായാണ് ‘Love you to moon and back’ എന്ന വാചകവും അതിജീവിത ഉപയോഗിച്ചിരുന്നത്.


