രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനകളില്ല; സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്ക്

മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനകളൊന്നും അനുവദിച്ചിട്ടില്ല. സെൽ നമ്പർ മൂന്നിലാണ് രാഹുലിനെ പാർപ്പിച്ചിരിക്കുന്നത്. എംഎൽഎ എന്ന നില കണക്കിലെടുത്താണ് സഹതടവുകാർ ഇല്ലാതെ ഒറ്റയ്ക്ക് ഒരു സെൽ അനുവദിച്ചത്. ഇന്ന് നിലത്ത് പായ വിരിച്ചായിരിക്കും അദ്ദേഹം കിടക്കുക. ഡോക്ടർമാർ ആവശ്യപ്പെട്ടാൽ മാത്രമേ കട്ടിൽ ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ അനുവദിക്കൂ.
ജയിലിലെ സാധാരണ ചട്ടങ്ങൾ പ്രകാരം, ഞായറാഴ്ച രാത്രിയിൽ പ്രത്യേക ഭക്ഷണം നൽകാറില്ല. ചോറോ ചപ്പാത്തിയോ, അതിനൊപ്പം തോരനും രസവുമാണ് ഭക്ഷണമായി നൽകുക. നാളെ രാവിലെ പ്രഭാതഭക്ഷണമായി ഉപ്പുമാവും കടലക്കറിയുമാണ് ലഭിക്കുക.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിൽ എത്തിച്ചാണ് പരിശോധന നടത്താറുള്ളത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സാഹചര്യത്തിൽ, ഡോക്ടർമാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് വൈദ്യപരിശോധന പൂർത്തിയാക്കിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.


